പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എന്‍.സി.പി നേതാവ് ശരദ് പവാര്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആര്‍.എല്‍.ഡി തലവന്‍ ജയന്ത് ചൗധരി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ് എന്നിവരുടെ സാന്നിധ്യത്തിലാണ് പത്രിക നല്‍കിയത്.
യശ്വന്ത് സിന്‍ഹയ്ക്ക് തെലങ്കാന രാഷ്ട്രസമിതി ( ടിആര്‍എസ്) പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ടിആര്‍എസ് പ്രതിനിധിയായി തെലങ്കാന മന്ത്രി കെ ടി രാമറാവുവും പത്രികാസമര്‍പ്പണ വേളയില്‍ സന്നിഹിതനായിരുന്നു.
തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനേക്കാള്‍ ഭരണഘടനയെ കൂടുതല്‍ ചേര്‍ത്തുപിടിച്ച് പ്രവര്‍ത്തിക്കുമെന്ന് സിന്‍ഹ പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും ദ്രൗപതി മുര്‍മുവുമായി വ്യക്തിപരമായ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.