ലോക പ്രശസ്ത ചലച്ചിത്ര കഥാപാത്രമായ ക്യാപ്റ്റന്‍ ജാക്ക് സ്പാരോ എന്ന കടല്‍ക്കൊള്ളക്കാനായി ജോണി ഡെപ്പിനെ തിരികെ കൊണ്ടുവരാന്‍ ഡിസ്‌നി ഊര്‍ജ്ജിത ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ഡെപ്പിനെ തിരികെ കൊണ്ടുവരാന്‍ 2360 കോടി രൂപയാണ് ഡിസ്നി വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.ഡെപ്പും ഹേഡും തമ്മിലുളള വിഷയത്തിന്റെ വിധി വരുന്നതിന് മുമ്പ് നിരവധി ചലച്ചിത്ര നിർമാണ കമ്പനികളാണ് ഡെപ്പുമായുള്ള കരാറുകളിൽ നിന്ന് പിന്മാറിയത്. എന്നാൽ വിധി അനുകൂലമായതോടെയാണ് ഡിസ്‌നി ഉൾപ്പടെയുള്ള പല കമ്പനികളുടെയും പുതിയ നീക്കം
2017 ല്‍ പുറത്തിറങ്ങിയ ഡെഡ് മെന്‍ ടെല്‍ നോ ടെയില്‍സ് എന്ന ചിത്രമായിരുന്നു പൈരേറ്റ്‌സ് ഓഫ് കരീബിയനിലെ അവസാന ചിത്രം. ഡെപ്പിനെ ഒഴിവാക്കിയെങ്കിലും ജാക് സ്പാരോ എന്ന കഥാപാത്രമായി മറ്റൊരു നടനെ കണ്ടെത്തുന്നത് ഡിസ്‌നിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. മാനനഷ്ടക്കേസ് അനുകൂലമായി വന്നതോടെ ഡെപ്പിനെ തിരികെ കൊണ്ടുവരാനാണ് ഡിസ്‌നിയുടെ ശ്രമമെന്ന് ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഡിസ്നി 300 മില്ല്യൺ ഡോളർ നൽകിയാലും താൻ ഇനി ഒരു പൈറേറ്റ്സ് ഓഫ് കരീബിയൻ സിനിമയിൽ അഭിനയിക്കില്ലെന്ന് ഡെപ്പ് നേരത്തെ നിലപാടെടുത്തിരുന്നു.ഒരു കത്തും സമ്മാനങ്ങളടങ്ങിയ കുട്ടയും ബൊക്കേയും അദ്ദേഹത്തിന് ഡിസ്‌നി അയച്ചുനല്‍കിയെന്നും ജാക്ക് സ്പാരോ ആറാം ഭാഗത്തിന്റെ ചിത്രത്തിനായി ഇതിനകം ഒരു ഡ്രാഫ്റ്റ് സ്‌ക്രിപ്റ്റ് തയ്യാറാക്കിയിട്ടുള്ളതിനാല്‍ ഡെപ്പ് തന്റെ കഥാപാത്രവുമായി മടങ്ങിവരുമെന്ന് ഡിസ്‌നി പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഡെപ്പിന് പൈരേറ്റ്സ് ഓഫ് ദ കരീബിയന്‍ ഫ്രാഞ്ചൈസിയില്‍ ഇനി അഭിനയിക്കാനായേക്കുമെന്ന് ഡിസ്നിയുടെ മുന്‍ എക്സിക്യൂട്ടീവ് മാനനഷ്ടക്കേസിന്റെ വിധി വന്നതിന് ശേഷം പറഞ്ഞിരുന്നു. ”അദ്ദേഹത്തിന്റെ കരിയര്‍ പൂര്‍വ്വാധികം ശക്തിയിലേക്ക് തിരിച്ചുവരും. ജാക് സ്പാരോയായി ജോണി ഡെപിനെ വീണ്ടും കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് ഈ വിധി നല്‍കുന്നത്. ബോക്സ് ഓഫീസിലും ഈ മാറ്റം ഒരുപാട് ഗുണം ചെയ്യും”- മുന്‍ ഡിസ്നി എക്സിക്യൂട്ടീവ് പറഞ്ഞു.

