ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് 2022-ലേക്ക് മാറ്റിവെച്ചേക്കും. വ്യാഴാഴ്ച നിര്‍ണായകമായ ഐ.സി.സി ബോര്‍ഡ് യോഗം നടക്കാനിരിക്കെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ഒക്ടോബറില്‍ ഐപി.എല്‍ നടക്കാനുള്ള സാധ്യത തെളിഞ്ഞു.
ലോകകപ്പ് മാറ്റിവെയ്ക്കുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച ചേര്‍ന്ന ഐ.സി.സിയുടെ ചീഫ് എക്‌സിക്യൂട്ടീവ് യോഗത്തില്‍ ധാരണയായെന്നാണ് സൂചന. വ്യാഴാഴ്ച ചേരുന്ന ഐ.സി.സി ബോര്‍ഡ് യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. ട്വന്റി 20 ലോകകപ്പ് നടക്കേണ്ടിയിരുന്ന ഒക്ടോബര്‍ – നവംബര്‍ സമയത്ത് ഐ.പി.എല്‍ നടത്താനുമാണ് ധാരണമായിരിക്കുന്നത് എന്നാണ് സൂചന.
നിലവില്‍ 2021-ല്‍ ഇന്ത്യയില്‍ ട്വന്റി 20 ലോകകപ്പ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 2021 ഒക്ടോബറിലാണ് ഇന്ത്യ വേദിയാവുന്ന ലോകകപ്പ് നടക്കേണ്ടത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ 2020-ലെ ട്വന്റി 20 ലോകകപ്പ് 2021-ലേക്ക് മാറ്റിവെച്ചാല്‍ ഒരേ ഫോര്‍മാറ്റിലെ രണ്ടു ലോകകപ്പുകള്‍ ഒരേ വര്‍ഷം നടത്തേണ്ടതായി വരും. ഇത് അനുചിതമാകുമെന്നാണ് വിലയിരുത്തല്‍. കൂടാതെ 2023-ല്‍ ഇന്ത്യ ഏകദിന ലോകകപ്പിനും വേദിയാകേണ്ടതായിട്ടുണ്ട്.