ട്രാക്ടർ റാലിക്കിടെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ കർഷക സമരത്തിൽ നിന്നും പിന്മാറുന്നതായി രണ്ടു കർഷക സംഘടനകൾ അറിയിച്ചു . ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോഓർഡിനേഷൻ കമ്മിറ്റി, ഭാരതീയ കിസാൻ യൂണിയൻ എന്നീ സംഘടനകളാണ് ഡൽഹി അതിർത്തികളിൽ തുടർന്നു വരുന്ന കർഷക സമരത്തിൽ നിന്നും തങ്ങൾ പിന്മാറുന്നതായി സംഘടനാ നേതാക്കൾ അറിയിച്ചു. റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിയിൽ നടന്ന കിസാൻ പരേഡിനിടെയുണ്ടായ അക്രമങ്ങളെ ഇരു സംഘടനാ നേതാക്കളും അപലപിച്ചു.
സമരത്തിന്റെ രീതിയുമായി തങ്ങൾക്ക് ഒത്തുപോകാൻ കഴിയാത്തത് കൊണ്ട് തങ്ങൾ സമരത്തിൽ നിന്നും പിന്മാറുന്നതായി ഓൾ ഇന്ത്യ കിസാൻ സംഘർഷ് കമ്മിറ്റി നേതാവ് വി.എം സിംഗ് പറഞ്ഞു.
“ഈ സമരത്തിൽ നിന്നും ഞങ്ങൾ പിന്മാറുന്നുവെങ്കിലും കർഷരുടെ അവകാശങ്ങൾക്കായുള്ള ഞങ്ങളുടെ പോരാട്ടങ്ങൾ തുടരും. ” – അദ്ദേഹം പറഞ്ഞു.
റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന അക്രമങ്ങളിൽ തന്റെ സംഘടനക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന അക്രമങ്ങളിൽ ഏറെ വേദനിക്കുന്നതായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് താക്കൂർ ഭാനു പ്രതാപ് സിംഗ് പറഞ്ഞു.

