വാട്സ്ആപ്പിനും ഗൂഗിൾ പ്ലേ സ്റ്റോറിനും ഏർപ്പെടുത്തിയിരുന്ന നിരോധനം ഇറാൻ പിൻവലിച്ചു. വാർത്ത ഏജൻസിയായ ഇസ്ലാമിക് റിപബ്ലിക് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഹിജാബ് നിയമത്തെ തുടർന്നുണ്ടായിരുന്ന സംഭവ വികാസങ്ങളിൽ 2022ലാണ് ഇറാൻ വാട്സ്ആപ്പിനും ഗൂഗിൾ പ്ലേസ്റ്റോറിനും നിരോധന ഏർപ്പെടുത്തിയിരുന്നത്. രണ്ട് വർഷത്തെ നിരോധനത്തിന് ശേഷമാണ് വാട്സ്ആപ്പും ഗൂഗിൾ പ്ലേസ്റ്റോറും തിരികെയെത്തുന്നത്.കർശനമായ ഓൺലൈൻ സെൻസർഷിപ്പിന് പേരുകേട്ട ഇറാൻ, ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് തുടങ്ങിയ യുഎസ് അധിഷ്ഠിത പ്ലാറ്റ്‌ഫോമുകൾ വളരെക്കാലമായി നിയന്ത്രിച്ചിട്ടുണ്ട്, എന്നിരുന്നാലും പല ഇറാനികളും വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് ഈ ബ്ലോക്കുകളെ മറികടക്കുന്നു.
പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയൻ്റെ നേതൃത്വത്തിലുള്ള യോഗത്തിന് ശേഷമാണ് വാട്സ്ആപ്പിനും ഗൂഗിൾ പ്ലേ സ്റ്റോറിനും ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കാൻ തീരുമാനിച്ചത്. ഗൂഗിൾ പ്ലേ സ്റ്റോർ തുടങ്ങിയ ആഗോള സേവനങ്ങൾ തിരികെയെത്തുന്നതിനോടൊപ്പം പ്രാദേശിക പ്ലാറ്റ്‌ഫോമുകളുടെ വികസനത്തിനും ഉപയോഗത്തിനും മുൻഗണന നൽകുന്ന സമീപനം തുടരുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമെന്ന നിലയിൽസോഷ്യൽ മീഡിയ ഇറാനിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇറാനിൽ ഹിജാബ് നിയമം ലംഘിച്ചെന്ന പേരിൽ പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമീനി മരിച്ചതിനെ തുടർന്നുണ്ടായ വ്യാപക പ്രതിഷേധത്തിന് പിന്നാലെയായിരുന്നു വാട്സ്ആപ്പും പ്ലേസ്റ്ററും രാജ്യത്ത് വിലക്കിയത്.