തമിഴ്‌നാട്ടിലെ ചെന്നൈ ഉൾപ്പെടെ 16 ജില്ലകളിലും പുതുച്ചേരി, കാരയ്ക്കൽ മേഖലയിലും റെഡ് അലേർട്ട്. . നേരത്തെ ആറ് ജില്ലകളിലായിരുന്നു ശക്തമായ മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നത്.
തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ നാശം വിതച്ച് കനത്ത മഴ തുടർന്ന് കൊണ്ടിരിക്കുകയാണ് . തൂത്തുക്കുടി, തിരുനെൽവേലി,രാമനാഥപുരം,കന്യാകുമാരി, നാപട്ടണം ജില്ലകളിലാണ് ശക്തമായ മഴ തുടരുന്നത്. അടുത്ത 48 മണിക്കൂർ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കനത്ത മഴയെ തുടർന്ന് തൂത്തുക്കുടിയിൽ റെയിൽവെ സ്റ്റേഷൻ ഉൾപ്പെടെ വെള്ളത്തിനിടയിലായി. ഇവിടങ്ങളിലെല്ലാം രക്ഷാ പ്രവർത്തനം പുരോഗമിയ്ക്കുകയാണ്.
തൂത്തുക്കുടിയിലെ കായൽപട്ടണത്താണ് സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് . 30.6 സെന്റി മീറ്റർ. ഇവിടെ സർക്കാർ ആശുപത്രി ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങൾ വെള്ളത്തിനടിയിലായി. തിരുച്ചന്തൂർ മുരുകൻ ക്ഷേത്രത്തിലും രൂക്ഷമായ വെള്ളപ്പൊക്കമുണ്ട്.ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം പുരോഗമിയ്ക്കുന്നത്.
ചെന്നൈ ഉൾപ്പെടെ 22 ജില്ലകളിലെ മുഴുവൻ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. ചെന്നൈയിൽ ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും മഴയുണ്ടായി. നഗരത്തിലെ ചിലയിടങ്ങളിൽ വെള്ളക്കെട്ട് തുടങ്ങിയിട്ടുണ്ട്. നാളെ ചെന്നൈയിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. നിലവിൽ ഓറഞ്ച് അലർട്ടാണ് ചെന്നൈയ്ക്ക് നൽകിയിരിക്കുന്നത്.