ആലപ്പുഴ: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ഈ വര്‍ഷം 500 കോടി രൂപയുടെ വായ്പ നല്‍കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ പറഞ്ഞു. കോർപ്പറേഷൻ ചേർത്തലയിൽ പുതുതായി ആരംഭിച്ച ഉപജില്ല ഓഫീസിന്‍റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ വര്‍ഷം 250 കോടി രൂപയായിരുന്നു വായ്പയായി നൽകിയിരുന്നത്. അതാണ് ഇപ്പോൾ 500 കോടി രൂപയിലേക്ക് ഈ വർഷം ഉയർത്തുന്നത്. അടുത്ത വര്‍ഷം 1000 കോടി യുടെ വായ്പ നല്‍കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.
10 പുതിയ ഓഫീസുകൾ ആരംഭിക്കുന്നതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. അതിലൊന്നാണ് ചേർത്തല താലൂക്കിലുള്‍പ്പെട്ടവർക്ക് ഗുണകരമായ രീതിയിൽ ഇവിടെ തുടങ്ങുന്നതെന്നും മന്ത്രി പറഞ്ഞു. പിന്നോക്ക വിഭാഗക്കാർക്കും മത ന്യൂനപക്ഷ വിഭാഗങ്ങൾക്കും ലളിതമായ വ്യവസ്ഥയിൽ ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്ന സ്ഥാപനമാണ് പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ. 98 ശതമാനത്തിനടുത്ത് തിരിച്ചടവ് ഈ സ്ഥാപനത്തിനുണ്ട്.
20 ലക്ഷം രൂപ വരെ തിരിച്ചുവരുന്ന പ്രവാസിക്ക് സംരംഭം നൽകുന്നതിന് കോർപ്പറേഷൻ വായ്പ നൽകുന്നുണ്ട്. ഇതിൽ മൂന്നു ലക്ഷം രൂപ സബ്സിഡിയായി നൽകുന്നു. അഭ്യസ്തവിദ്യർക്ക് സ്റ്റാർട്ടപ്പ് തുടങ്ങുന്നതിനും പെൺകുട്ടികൾക്ക് വിദേശത്ത് പഠിക്കാൻ അവസരം ഒരുക്കുന്നതിനും 20 ലക്ഷം രൂപ വരെ വളരെ കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടുതൽ വായ്പകള്‍ക്കും രണ്ടര ശതമാനം മുതൽ 4 ശതമാനം വരെ പലിശയാണ് ഈടാക്കുന്നത്. പ്രളയവുമായി ബന്ധപ്പെട്ട എൻറെ വീട് പദ്ധതിയും കോർപ്പറേഷൻ നടപ്പിലാക്കുന്നുണ്ട്. പത്തുലക്ഷം , അഞ്ചുലക്ഷം എന്നിങ്ങനെ രണ്ട് വായ്പാ പദ്ധതികളാണ് ഇതിലുള്ളത്.
കേന്ദ്ര സർക്കാർ കേരളത്തിന് അർഹതപ്പെട്ട ജി എസ് ടി യുടെ വിഹിതം നൽകുന്നില്ല. അതുകൊണ്ട് സാമ്പത്തിക പ്രതിസന്ധികൾ സർക്കാർ നേരിടുന്നുണ്ട് . എങ്കിലും കിഫ്ബി വഴി സംസ്ഥാനത്ത് തുടങ്ങിയ എല്ലാ വികസന പ്രവർത്തനങ്ങളും വിജയകരമായി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഗവൺമെൻറിനെതിരെ സംസ്ഥാന സർക്കാർ കേസ് കൊടുക്കേണ്ട സ്ഥിതിയാണ് ഉള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കോർപ്പറേഷൻറെ മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണ പദ്ധതി വഴി തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് സി.ഡി.എസ്സുകള്‍ക്ക് അനുവദിച്ച ഒരുകോടി രൂപയുടെ ചെക്ക് ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. പി എസ് ജ്യോതിസ് മന്ത്രി എ.കെ.ബാലനില്‍ നിന്ന് ഏറ്റുവാങ്ങി. സംസ്ഥാന പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
നാളിതുവരെ 5.37 ലക്ഷത്തില്‍പ്പരം ഗുണഭോക്താക്കൾക്ക് 3502 കോടി രൂപ വായ്പ വിതരണം ചെയ്ത കോർപ്പറേഷൻ രൂപീകൃതമായിട്ട് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ 25ാമത്തെ ഉപജില്ലാ ഓഫീസാണ് ചേര്‍ത്തലയില്‍ ആരംഭിച്ചിരിക്കുന്നതെന്ന് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. കെ.എസ്.ബി.സി.ഡി.സി ചെയര്‍മാന്‍ ടി.കെ.സുരേഷ്, മാനേജിങ് ഡയറക്ടര്‍ കെ.ടി.ബാലഭാസ്കരന്‍, ഡയറക്ടര്‍മാരായ എ.മഹേന്ദ്രന്‍, പി.എന്‍.സുരേഷ്കുമാര്‍, കുടുംബശ്രീ ജില്ലമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജെ.പ്രശാന്ത്ബാബു, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു.