തമിഴ്‌നാട്ടില്‍ കള്ളക്കുറിച്ചി സംഭവത്തിന് ശേഷം വീണ്ടും വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ. കടലൂര്‍ ജില്ലയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് ചൊവ്വാഴ്ച ആത്മഹത്യ ചെയ്തത്. രണ്ടാഴ്ചക്കിടെ തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണിത്. വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും പഠനവുമായി ബന്ധപ്പെട്ട സമ്മര്‍ദവും അമ്മ വഴക്കുപറഞ്ഞതുമാണ് മരണത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.
വിദ്യാര്‍ഥിനിയെ ഐ.എ.എസ്. ഉദ്യോഗസ്ഥയാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ഇതിനായി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനവും നല്‍കിയിരുന്നു. ഇതെല്ലാം വിദ്യാര്‍ഥിനിയെ സമ്മര്‍ദത്തിലാക്കിയെന്നും കഴിഞ്ഞദിവസം അമ്മ വഴക്ക് പറഞ്ഞത് കൂടുതല്‍ അസ്വസ്ഥയാക്കിയെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
കള്ളക്കുറിച്ചിയിലെ വിദ്യാര്‍ഥിനിയുടെ മരണത്തിന് പിന്നാലെയുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവള്ളൂരില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം നിരവധിപേര്‍ സ്‌കൂളിലേക്ക് എത്തിയെങ്കിലും ഇവരെയെല്ലാം പോലീസ് വഴിമധ്യേ തടഞ്ഞിരുന്നു. അടുത്ത ബന്ധുക്കളെ മാത്രമാണ് സ്‌കൂളിനകത്തേക്ക് പ്രവേശിപ്പിച്ചത്. തിരുവള്ളൂരിലെ വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി-സി.ഐ.ഡി.ക്ക് കൈമാറിയതായി എസ്.പി. സെഫാസ് കല്യാണും അറിയിച്ചു.