ഏഷ്യന്‍ വിപണികളില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി പഠനം. പണപ്പെരുപ്പം എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് കുതിക്കുന്നതിനാല്‍ വിവിധ സെന്‍ട്രല്‍ ബാങ്കുകള്‍ക്ക് പലിശ നിരക്കുകള്‍ ഉയര്‍ത്തേണ്ടതായി വരുന്നു.
ലോകത്തിലെ മികച്ച സാമ്പത്തിക വിദഗ്ധരുടെ നേതൃത്വത്തില്‍ ബ്ലൂംബര്‍ഗ് നടത്തിയ സര്‍വ്വെയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പല ലോക രാജ്യങ്ങളിലും സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യത വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലായിരുന്നു സര്‍വ്വെ.
അയല്‍ രാജ്യങ്ങളായ ചൈനയും പാകിസ്താനും സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്താനുള്ള സാധ്യത 20 ശതമാനമാണ്. ന്യൂസിലാന്‍ഡ്, തായ്വാന്‍, ഓസ്ട്രേലിയ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ മാന്ദ്യം ഉണ്ടാകാനുള്ള സാധ്യത യഥാക്രമം 33%, 20%, 20%, 8% എന്നിങ്ങനെയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഈ രാജ്യങ്ങളിലെയെല്ലാം സെന്‍ട്രല്‍ ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തുകയാണ്.
യൂറോപ്യന്‍ രാജ്യങ്ങളെയും അമേരിക്കയെയും അപേക്ഷിച്ച് എഷ്യന്‍ സമ്പദ് വ്യവസ്ഥകള്‍ക്ക് സാമ്പത്തിക മാന്ദ്യത്തെ ചെറുക്കാനുള്ള ശേഷി കൂടുതലാണെന്നും സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കാനുള്ള ഏഷ്യയുടെ സാധ്യത 20 മുതല്‍ 25 ശതമാനം വരെയാണ്.
മോശം സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലുള്ള ശ്രീലങ്കയ്ക്ക് സാമ്പത്തിക മാന്ദ്യത്തിലേക്കുള്ള സാധ്യത 85 ശതമാനമാണ്. ന്യൂസിലാന്‍ഡ് 33 ശതമാനവും ദക്ഷിണ കൊറിയയും ജപ്പാനും 25 ശതമാനവും, ഓസ്‌ട്രേലിയ, ഹോങ്കോങ് തായ് വാന്‍ എന്നീ രാജ്യങ്ങള്‍ 20 ശതമാനവുമാണ് സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലമരാനുള്ള സാധ്യത.