5 ജി സ്പെക്ട്രം ലേലം ഇന്ന് ആരംഭിക്കും. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, അദാനി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ അദാനി ഡാറ്റാ നെറ്റ്‌വർക്ക്സ് എന്നീ നാല് കമ്പനികളാണ് ലേലത്തിൽ പങ്കെടുക്കുന്നത്. ആകെ 72 ജിഗാഹെർട്‌സ് സ്പെക്ട്രത്തിന്റെ ലേലമാണ് നടക്കുന്നത്. നിലവില്‍ നാല് കമ്പനികളും കൂടി ഏണസ്റ്റ് മണി ഡെപ്പോസിറ്റായി (EMDs) ആയി 21,800 കോടി രൂപ ഇതിനോടകം ലേലത്തിലേക്ക് നിക്ഷേപിച്ചിട്ടുണ്ട്. ഇതിൽ ഭാരതി എയർടെൽ 5,500 കോടിയും വോഡഫോൺ ഐഡിയ 2,200 കോടിയും അദാനി ഗ്രൂപ്പ് 100 കോടിയും നിക്ഷേപിച്ചപ്പോൾ റിലയൻസ് ജിയോയുടെ നിക്ഷേപം 14,000 കോടി രൂപയാണ്.ഇക്കഴിഞ്ഞ ജൂണിലാണ് കേന്ദ്ര ക്യാബിനെറ്റ് 5 ജി ലേലത്തിന് അനുമതി നല്‍കിയത്. പിന്നാലെ റിലൈയ്ൻസ് ജിയോ, അദാനി ഗ്രൂപ്പ്, ഭാരതി എയർടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ കന്പനികള്‍ ലേലത്തില്‍ പങ്കെടുക്കാനും തയ്യാറായി.
സ്‌പെക്ട്രത്തിന് മുൻകൂർ പണം അടയ്‌ക്കേണ്ട. 20 തവണയായി അടയ്ക്കാം. 10 വർഷം കഴിയുമ്പോൾ ആവശ്യമെങ്കിൽ സ്‌പെക്ട്രം മടക്കിനൽകാം. ശേഷിക്കുന്ന തവണകളുടെ കാര്യത്തിൽ ബാധ്യതയുണ്ടാവില്ല. 4 ജിയെക്കാൾ പത്തിരട്ടി വേഗമുള്ളതും 3 ജിയേക്കാൾ 30 മടങ്ങ് വേഗമുള്ളതുമാണ് 5 ജി. 72 ഗിഗാഹെർഡ്സ് ആണ് 20 വർഷത്തേക്ക് ലേലം ചെയ്യുന്നത്. അതായത് ലേലം നേടുന്നവർക്ക് സ്‌പെക്ട്രം ഉപയോഗിക്കാനുള്ള ലൈസൻസ് അവകാശം 20 വർഷത്തിലേക്കായിരിക്കും ലഭിക്കുക. ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ലേലപ്രക്രിയ വൈകുന്നേരം 6 മണി വരെ നീളും.ഇന്ത്യയിൽ തുടക്കത്തിൽ 13 നഗരത്തിലാവും 5 ജി സേവനം ലഭ്യമാവുക. ഗുജറാത്തിലെ അഹമ്മദാബാദിലും ജാംനഗറിലും ഗാന്ധിനഗറിലും ആദ്യംതന്നെ ലഭിക്കും. ബംഗളൂരു, ഛണ്ഡീഗഢ്, ഡൽഹി, ഹൈദരാബാദ്, പുണെ, ലഖ്‌നോ, മുംബൈ, കൊൽക്കത്ത നഗരങ്ങളും പട്ടികയിലുണ്ട്. തുടക്കത്തിൽ കേരളമില്ല. ലേലപ്രക്രിയയും മറ്റു നടപടികളും പ്രതീക്ഷിച്ച നിലയിൽ പുരോഗമിച്ചാൽ സെപ്തംബറോടെ 5 ജി സേവനം ലഭിച്ചുതുടങ്ങും.