കണ്ണൂരിലെ തോട്ടടയിൽ പതിമൂന്നുകാരി മരിച്ചത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരിച്ചതോടെ കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിൽ. രണ്ടാഴ്ച മുമ്പ് മരിച്ച പെൺകുട്ടിയുടെ മരണകാരണം കഴിഞ്ഞ ദിവസമാണ് വ്യക്തമായത്. സമാന ലക്ഷണങ്ങളോടെ ഒരാൾ കൂടി കോഴിക്കോട് ചികിത്സയിൽ തുടരുന്നുണ്ട്.13 വയസുകാരി ദക്ഷിണയ്ക്ക് രണ്ടാഴ്ച മുമ്പാണ് ചെറിയ തല വേദന വന്നത്. പിറകെ ഛർദിയും ബാധിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജൂൺ 12 ന് മരണം. കഴിഞ്ഞ ദിവസം പരിശോധന ഫലം എത്തിയതോടെയാണ് മരണകാരണം വ്യക്തമായത്. അമീബിക് മസ്തിഷ്ക ജ്വരം. എങ്ങനെയാണ് രോഗാണ് കുട്ടിയിലെത്തിയത് എന്നതിലാണ് ആശങ്ക. നാല് മാസം മുമ്പ് മൂന്നാറിലേക്ക് ടൂർ പോയിരുന്നു. അന്ന് പൂളിൽ കുളിച്ചതാണ് ഏക സാധ്യത. പക്ഷേ അമീബ ശരീരത്തിലെത്തിയാൽ 5 ദിവസത്തിനകം രോഗ ലക്ഷണങ്ങൾ കാണും. ഉടൻ ആരോഗ്യ സ്ഥിതി മോശമാകും. ദക്ഷിണയ്ക്ക് രോഗ ലക്ഷണങ്ങൾ കാണുന്നത് മൂന്ന് മാസത്തിന് കഴിഞ്ഞാണ്.മലപ്പുറം മുന്നിയൂരിൽ കഴിഞ്ഞ മാസം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 5 വയസുകാരി മരിച്ചിരുന്നു. സമാന ലക്ഷണങ്ങളോടെ മറ്റൊരാളെകൂടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ജാഗ്രതയോടെ സാഹചര്യത്തെ കാണുന്നത്. രോഗം റിപ്പോർട്ട് ചെയ്ത കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മുൻ കരുതൽ.