മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കം അനിശ്ചിതമായി തുടരുന്നതിനിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെയും പ്രശ്‌ന പരിഹാരത്തിനായി രംഗത്ത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം രശ്മി താക്കറെ ശിവസേനയിലെ വിമത എംഎല്‍എമാരുടെ ഭാര്യമാരെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നുണ്ട്. ഭര്‍ത്താക്കന്‍മാരോട് സംസാരിച്ച് അവരെ അനുനയിപ്പിച്ച് തിരിച്ചു കൊണ്ടു വരാനാണ് രശ്മി ഭാര്യമാരോട് ആവശ്യപ്പെടുന്നത്. ചില വിമത എംഎല്‍എമാര്‍ക്ക് ഉദ്ധവ് താക്കറെ നേരിട്ട് സന്ദേശങ്ങളയക്കുന്നുണ്ടെന്നും വിവരമുണ്ട്.
നിലവില്‍ ഗുവാഹത്തിയിലെ ആഢംബര ഹോട്ടലില്‍ താമസിക്കുന്ന വിമതരെ തിരികെ സംസ്ഥാനത്ത് എത്തിച്ചാല്‍ കാര്യങ്ങള്‍ പറഞ്ഞ് ബോദ്ധ്യപ്പെടുത്താമെന്നാണ് പാര്‍ട്ടി നേതൃത്വം കണക്ക് കൂട്ടുന്നത്. മഹാരാഷ്ട്രയിലെ എം എല്‍ സി തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമാണ് ബഹുഭൂരിപക്ഷം ശിവസേന എം എല്‍ എമാരുമായി ഏകനാഥ് ഷിന്‍ഡെ സംസ്ഥാനം വിട്ടത്. ആദ്യം ഗുജറാത്തിലേക്കും, പിന്നീട് അസാമിലേക്കുമാണ് സംഘം പോയത്. ഓരോ ദിവസം പിന്നിടുമ്പോഴും സ്വതന്ത്രര്‍ ഉള്‍പ്പെടെ കൂടുതല്‍ എംഎല്‍എമാര്‍ വിമത ക്യാമ്പില്‍ ചേര്‍ന്നത് ഉദ്ധവിനും പാര്‍ട്ടി നേതൃത്വത്തിനും തലവേദനയായി. ഏതുവിധേനയും ഷിന്‍ഡെയ്ക്കൊപ്പമുള്ള വിമത എംഎല്‍എമാരുടെ മനസ്സു മാറ്റി ഭരണം നിലനിര്‍ത്തുകയാണ് ഉദ്ധവിന്റെയും ശിവസേനയുടെയും ലക്ഷ്യം.
അതേസമയം, അസമിലെ ഗുവാഹത്തിയില്‍ തമ്പടിച്ചിരിക്കുന്ന ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമത എംഎല്‍എമാര്‍ക്ക് താക്കീതുമായി ശിവസേന. ‘എത്രനാള്‍ നിങ്ങള്‍ ഗുവാഹത്തിയില്‍ ഒളിച്ചുകഴിയും? നിങ്ങള്‍ ചൗപ്പട്ടിയിലേക്ക് തിരിച്ചുവരേണ്ടി വരുമെന്ന് ശിവസേനാ വക്താവ് സഞ്ജയ് റാവത്ത് ട്വിറ്ററില്‍ കുറിച്ചു. മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹാരി സിര്‍വാളിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സഞ്ചയ് റാവത്തിന്റെ ട്വീറ്റ്.
വിമത എംഎല്‍എമാരെ അയോഗ്യാരാക്കാനുള്ള ശിവസേനയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് 16 വിമത എംഎല്‍എമാര്‍ക്ക് നര്‍ഹാരി സിര്‍വാല്‍ നോട്ടിസ് നല്‍കിയിരുന്നു.
ധൈര്യമുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയി തിരഞ്ഞെടുപ്പ് നേരിടാനാണ് മന്ത്രി ആദിത്യ താക്കറെ വെല്ലുവിളിച്ചത്. ഞങ്ങളുടെ ഭരണം മോശമാണെന്നും ഞങ്ങള്‍ ചെയ്യുന്നതെല്ലാം തെറ്റാണെന്നും തോന്നുന്നുണ്ടെങ്കില്‍ രാജിവെച്ച് പുറത്തുപോയി തിരഞ്ഞെടുപ്പ് നേരിടൂവെന്ന് ആദിത്യ താക്കറെ പരസ്യമായി വെല്ലുവിളിച്ചു. വഞ്ചന ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ രാഷ്ട്രീയ പ്രതിസന്ധി സത്യയും നുണയും തമ്മിലുള്ള യുദ്ധമാണെന്നായിരുന്നു ആദിത്യ താക്കറെ നേരത്തെ പറഞ്ഞത്.