ലൈംഗിക തൊഴില്‍ ഇനി നിയമപരം. ലൈംഗിക തൊഴിലിനെ പ്രൊഫഷനായി അംഗീകരിച്ച് സുപ്രീംകോടതിയുടെ ഉത്തരവ്. ലൈംഗിക തൊഴിലാളികളെ ശല്യപ്പെടുത്താന്‍ പാടില്ലെന്നും അവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ എടുക്കാന്‍ പാടില്ലെന്നും സുപ്രീം കോടതി നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി. ജസ്റ്റിസ് എല്‍.നാഗേശ്വര്‍ റാവു അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് ലൈംഗികത്തൊഴിലിനെ പ്രൊഫഷനായി അംഗീകരിച്ച സുപ്രധാനമായ വിധി പ്രസ്താവിച്ചത്.
വേശ്യാവൃത്തി ഒരു തൊഴിലാണെന്നും ലൈംഗികത്തൊഴിലാളികള്‍ക്ക് നിയമപ്രകാരം അന്തസ്സിനും തുല്യ പരിരക്ഷയ്ക്കും അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തിയായതും, സ്വമേധാ ലൈംഗിക തൊഴില്‍ ചെയ്യുന്നവര്‍ക്കുമാണ് ഈ നിയമം ബാധകമാവുക.
ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം മറ്റ് പൗരന്മാരെ പോലെ ലൈംഗികത്തൊഴിലാളികള്‍ക്കും അന്തസോടെ ജീവിക്കാന്‍ അവകാശമുണ്ടെന്നും നിയമത്തില്‍ തുല്യ സംരക്ഷണത്തിന് അര്‍ഹതയുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ലൈംഗികത്തൊഴിലാളികള്‍ക്കും അവരുടെ കുട്ടികള്‍ക്കും ഏതൊരാള്‍ക്കും ലഭ്യമാകുന്നതുപോലെ മാനുഷിക പരിഗണനകളുടെയും അന്തസ്സിന്റെയും അടിസ്ഥാന സംരക്ഷണം ഉറപ്പാക്കണമെന്നും സുപ്രധാന വിധിയില്‍ കോടതി പറഞ്ഞു.
പൊലീസ് ഇവരോടു മാന്യമായി പെരുമാറണം, വാക്കു കൊണ്ടുപോലും അധിക്ഷേപിക്കരുത്. ഇവരുടെ കുട്ടികള്‍ക്കും ഈ അവകാശം ഉറപ്പാക്കണം. ലൈംഗികത്തൊഴിലാളികളുടെ റെയ്ഡും മോചനവാര്‍ത്തയും സംബന്ധിച്ചുള്ള വാര്‍ത്തകളില്‍ ചിത്രങ്ങളോ ഇവരെ തിരിച്ചറിയുന്ന വിവരങ്ങളോ നല്‍കരുത്. ഇതുസംബന്ധിച്ചു പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മാര്‍ഗരേഖ പുറപ്പെടുവിക്കണം സുപ്രീംകോടതി വ്യക്തമാക്കി.
അതേസമയം, വേശ്യാലയം നടത്തിപ്പ് നിയമവിരുദ്ധമാണെന്നും വേശ്യാലയം റെയ്ഡ് ചെയ്യുമ്പോള്‍ ഉഭയസമ്മത പ്രകാരം ബന്ധത്തില്‍ ഏര്‍പ്പെടുന്ന ലൈംഗികത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ പിഴ ഈടാക്കുകയോ പീഡിപ്പിക്കുകയോ ചെയ്യരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.