34 വര്‍ഷം മുന്‍പ് റോഡില്‍ വെച്ചുണ്ടായ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവും ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു ഇനി ക്ലര്‍ക്കായി പ്രവര്‍ത്തിക്കും. പട്യാല ജയിലില്‍ 90 രൂപ ദിവസ വേതനത്തിലാണ് ക്ലര്‍ക്ക് ആയി ജോലി ചെയ്യുക.
ആദ്യ മൂന്ന് മാസം വരെ പരിശീലനമാവും, പിന്നീട് കോടതി വിധികള്‍ സംഗ്രഹിച്ച് എഴുതുന്നതും റെക്കോര്‍ഡ് ചെയ്യുന്നതുമാവും സിദ്ദുവിന്റെ ജോലി. ദിവസ വേതനം സിദ്ദുവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും. എട്ട് മണിക്കൂറാണ് ജോലി. ഉയര്‍ന്ന പശ്ചാത്തലമുള്ള രാഷ്ട്രീയ നേതാവ് ആയതിനാല്‍ സിദ്ദു സ്വന്തം ബാരക്കിനുള്ളിലുള്ള ജോലികള്‍ ചെയ്താല്‍ മതിയാവും.
സെല്ലില്‍ നിന്ന് പുറത്തിങ്ങാന്‍ അനുമതി ഇല്ലാത്തതിനാല്‍ ചെയ്തുതീര്‍ക്കേണ്ട ഫയലുകള്‍ അധികൃതര്‍ ബാരക്കിലെത്തിച്ചുനല്‍കും. ബാരക്ക് നമ്പര്‍ 7ല്‍ തടവില്‍ കഴിയുന്ന 241383 നമ്പര്‍ തടവുകാരനാണ് സിദ്ദു.
1988ല്‍ റോഡില്‍ വെച്ചുണ്ടായ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീം കോടതിയാണ് സിദ്ദുവിന് ഒരു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്.