ഇന്‍ഫോസിസ് സിഇഒ സലില്‍ പരേഖിന്റെ ശമ്പളം വര്‍ദ്ധിപ്പിച്ചു. 88 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, സലില്‍ പരേഖിന്റെ ശമ്പളം 79.75 കോടി രൂപയായി. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐ.ടി സര്‍വീസ് കമ്പനിയാണ് ഇന്‍ഫോസിസ്.
ഇന്‍ഫോസിസിന്റെ 2021-22 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച കണക്കിലെടുത്താണ് സിഇഒയുടെ ശമ്പളം വര്‍ദ്ധിപ്പിച്ചത്. ‘ഇന്‍ഫോസിസിന്റെ വളര്‍ച്ചയ്ക്ക് സഹായകമാകാന്‍ സലില്‍ പരേഖിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇന്‍ഫോസിസിന്റെ കഴിവുകളും മൂലധനവും അദ്ദേഹം ഒരുമിച്ച് ഉപയോഗിച്ചു’, ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ എം. നിലേകനി പറഞ്ഞു.
അഞ്ച് വര്‍ഷത്തേക്ക് കൂടി അതായത് 2022 ജൂലായ് 1 മുതല്‍ 2027 മാര്‍ച്ച് 31 വരെ, കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും (സിഇഒ) മാനേജിംഗ് ഡയറക്ടറുമായി സലില്‍ പരേഖിനെ വീണ്ടും നിയമിക്കുന്നതിനായി ഇന്‍ഫോസിസ് ദിവസങ്ങള്‍ക്ക് മുന്‍പാണ് അംഗീകാരം നല്‍കിയത്.