
ചരിത്ര പ്രമാണങ്ങളെ തേടിപ്പിടിച്ച് അവയെ സമഗ്രമായി അപഗ്രഥിച്ച് ശാസ്ത്രീയവും സത്യസന്ധവുമായി വ്യാഖ്യാനിക്കുന്ന ആഖ്യാന രീതിയാണ് എം.ജി.എസ്. നാരായണനെ വേറിട്ടു നിർത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ ചരിത്ര ഗവേഷണത്തിന് അമൂല്യ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം. ഭരണാധികാരികളും ഭാഷാപണ്ഡിതന്മാരും മറ്റും നടത്തിവന്ന ചരിത്രരചനയിൽ നിന്ന് തീർത്തും വ്യത്യസ്തമായ പാതയാണ് എം.ജി.എസ് വെട്ടിത്തുറന്നത്. ആ വഴിയിലൂടെയാണ് പിൽക്കാലത്ത് പ്രമുഖ ചരിത്രകാരന്മാർ പലരും സഞ്ചരിച്ചത്. ഐതിഹ്യങ്ങളെ അപ്പാടെ തള്ളിക്കളയാനല്ല, അവ നിർവഹിക്കുന്ന സാമൂഹിക ധർമ്മം അപഗ്രഥിച്ച് ചരിത്രത്തിന്റെ ഭാഗമാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ചരിത്രത്തെയും ചരിത്രരചനയെയും ഒരു വിജ്ഞാന രൂപമായി വാർത്തെടുക്കുന്നതിൽ വലിയ പങ്കുവഹിച്ച അദ്ദേഹം വീണ്ടും പഠിക്കപ്പെടാനും അപഗ്രഥിക്കപ്പെടാനുമുള്ള രചനകളാണ് സമൂഹത്തിനു സംഭാവന ചെയ്തത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കാലിക്കറ്റ് സർവകലാശാലയുടെ ചരിത്രവിഭാഗം ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന നിലവാരത്തിലേക്ക് ഉയർന്നിരുന്നുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

