തന്റെ പുതിയ ചിത്രമായ ‘നദികളിൽ സുന്ദരി യമുന’യിൽ പാടി നടൻ ധ്യാൻ ശ്രീനിവാസൻ. ധ്യാൻ ആദ്യമായി പിന്നണി ഗായകനാകുന്ന ഗാനം രചിച്ചത് മനു മഞ്ജിത്തും സംഗീതം നൽകിയത് അരുൺ മുരളീധരനുമാണ്. നദികളിൽ സുന്ദരി യമുന എന്ന തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ ചേർന്നാണ്.സിനിമയിൽ പാടിയ വിവരം ധ്യാൻ തന്നെയാണ് ആരാധകരെ അറിയിച്ചത്.
സുധീഷ്, നിർമ്മൽ പാലാഴി, കലാഭവൻ ഷാജോൺ, നവാസ് വള്ളിക്കുന്ന്, അനീഷ്, പാർവ്വണ, ആമി, ഉണ്ണിരാജ, ഭാനുപയ്യന്നൂർ ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടൻ, സോഹൻ സിനുലാൽ, ശരത് ലാൽ, കിരൺ രമേശ്, വിസ്മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് സിനിമയുടെ കഥാപശ്ചാത്തലം. അവിടുത്തെ സാധാരണക്കാരായ മനുഷ്യരും അവർക്കിടയിലെ കണ്ണൻ, വിദ്യാധരൻ, എന്നീ രണ്ട് യുവാക്കളുടെ കഥയാണ് നദികളിൽ സുന്ദരി യമുന എന്ന ചിത്രം പറയുന്നത്. കണ്ണനായി ധ്യാൻ ശ്രീനിവാസനും വിദ്യാധരനായി അജു വർഗീസും അഭിനയിക്കുന്നു. സിനിമാറ്റിക് ഫിലിംസ് എൽഎൽപിയുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി എന്നിവരാണ് നിർമ്മിക്കുന്നത്.