
കുന്ദമംഗലം: കാരന്തൂർ ഒവുങ്ങരയിലെ സ്പൂൺ മി ( ഫുഡ് ഗാർഡൻ )ഹോട്ടലിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി കാരന്തൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. ഏരിയ കമ്മിറ്റി സെക്രട്ടറി സി.എം.ബൈജു പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് നാസർ കാരന്തൂർ അധ്യക്ഷത വഹിച്ചു. പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് സംഘടന നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു. യൂണിറ്റ് പ്രസിഡൻ്റ് നാസർ കാരന്തൂർ, സെക്രട്ടറി അനീഷ് കുറ്റികാട്ടിൽ, തുടങ്ങിയവർ നേതൃത്വം നൽകി.ഏരിയാ കമ്മിറ്റി പ്രസിഡണ്ട് ഒ .വേലായുധൻ സംസാരിച്ചു.ഐഐഎം ഗേറ്റിനു മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം കാരന്തൂരിൽ വലം വെച്ച് സ്പൂൺ മി ഹോട്ടലിന് സമീപം സമാപിച്ചു.ഞായറാഴ്ച രാത്രിയാണ് കാരന്തൂർ ഒവുങ്ങരയിലെ ഹോട്ടൽ സ്പൂൺമി ഫുഡ് ഗാർഡന് നേരെ ആക്രമണം നടക്കുന്നത്. അക്രമികൾ ഹോട്ടലിന്റെ ചില്ല് എറിഞ്ഞു തകർത്തു. ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന 13 വയസുള്ള കുട്ടിക്കും മാതാവിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. അക്രമികൾ എറിഞ്ഞു തകർത്ത ഹോട്ടലിന്റെ ചില്ല് കഷ്ണങ്ങൾ തെറിച്ചാണ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവർക്ക് പരിക്കേറ്റത് . പരിക്കേറ്റവരെ ആശുപത്രിയിൽ ചികിത്സ തേടി. 100 രൂപക്ക് മന്തി ആവശ്യപ്പെട്ട് ചിലർ തർക്കം ഉണ്ടാക്കിയിരുന്നതായി ഹോട്ടൽ സ്പൂൺമി ഫുഡ് ഗാർഡൻ ഉടമ എം.കെ. മുഹ്‌സിൻഭൂപതി പറഞ്ഞു. സമിതി കാരന്തൂർ യൂണിറ്റ് സെക്രട്ടറി കെ.അനീഷ് കുമാർ സ്വാഗതവും കാരന്തൂർ യൂണിറ്റ് വൈസ് പ്രസിഡണ്ട് എൻ.കെ.സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.