കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയ സ്ഫോടകവസ്തുക്കള്‍ കിണറുപണിക്ക് കൊണ്ടുവന്നതാണെന്ന് മൊഴി. ചെന്നൈ-മംഗലാപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ നിന്നും ഇന്ന് രാവിലെയാണ് സ്ഫോടകവസ്തുക്കള്‍ പിടികൂടിയത്.
117 ജലാറ്റിൻ സ്റ്റിക്കുകള്‍, 350 ഡിറ്റണേറ്റർ എന്നിവയാണ് പിടികൂടിയത്. തിരൂരിനും കോഴിക്കോടിനും ഇടയില്‍ വെച്ചു പാലക്കാട് ആര്‍.പി.എഫ് സ്‌പെഷല്‍ സ്‌ക്വാഡാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. ഡി വണ്‍ കംപാര്‍ട്ട്‌മെന്റില്‍ സീറ്റിനടിയില്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്ഫോടകവസ്തുക്കൾ.
സംഭവവുമായി ബന്ധപ്പെട്ട് തിരുവണ്ണാമലൈ സ്വദേശിനി രമണി എന്ന യാത്രക്കാരിയെ റെയിൽവെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
രമണിയെ ആര്‍.പി.എഫും പൊലീസും സ്‌പെഷല്‍ ബ്രാഞ്ചും ചോദ്യം ചെയ്തു. രമണി ഇരുന്നിരുന്ന സീറ്റിന് അടിയില്‍ നിന്നുമാണ് സ്ഫോടകവസ്തു കണ്ടെത്തിയത്.
ചെന്നൈ കട്പാടിയില്‍ നിന്ന് തലശേരിയിലേക്കുള്ള ടിക്കറ്റാണ് ഈ യാത്രക്കാരിയുടെ കൈവശം ഉണ്ടായിരുന്നത്. സ്ഫോടകവസ്തുക്കള്‍ തലശ്ശേരിയില്‍ കിണറ് നിർമാണ ജോലിക്ക് കൊണ്ടുവന്നതാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞിട്ടുളളത്. എന്നാൽ പൊലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല. അന്വേഷണം തുടരുകയാണ്.

