ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളമടക്കം പത്ത് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്രസംഘം.വാക്‌സിനേഷൻ ഊർജിതമല്ലാത്ത സംസ്ഥാനങ്ങളിലും കേന്ദ്രസംഘം എത്തും. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം. കോവിഡ് വ്യാപനം വര്‍ധിച്ചതും, ഒമൈക്രോണ്‍ കൂടുതല്‍ സ്ഥിരീകരിച്ചതുമായ സംസ്ഥാനങ്ങളാണ് പട്ടികയിലുള്ളത്.
കൊവിഡ് ആശങ്കയ്ക്ക് ഒപ്പം ഒമിക്രോണ്‍ ഭീതി കൂടി ആയതോടെ കൂടുതല്‍ നിരീക്ഷണവും പരിശോധനയും വേണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
രാജ്യത്തെ 20 ജില്ലകളില്‍ 5 ശതമാനത്തിന് മുകളിലാണ് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതില്‍ 9 ഉം കേരളത്തിലാണ്. എറണാകുളം, ഇടുക്കി, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് എന്നിവിടങ്ങളില്‍ 5 ശതമാനത്തിന് മുകളിലാണ് ടി.പി.ആര്‍.
രാജ്യത്ത് കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 400 ന് അടുത്തെത്തിയിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ, 7189 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 387 പേരാണ് കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്. നിലവില്‍ ചികിത്സയിലുള്ളത് 77,516പേരാണ്. 7286 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. അതീവജാഗ്രത തുടരണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.

