
കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് ക്ഷണിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ രണ്ടാമത്തെ കത്തിന് ഔപചാരിക മറുപടി നല്‍കാനാണ് കര്‍ഷക സംഘടനകള്‍ തയാറെടുക്കുന്നത്. ചര്‍ച്ചയ്ക്ക് ക്ഷണിച്ചു കൊണ്ടുള്ള രണ്ടാമത്തെ കത്തിലും പുതുതായി ഒന്നുമില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.ഡല്‍ഹി ചലോ കര്‍ഷക പ്രക്ഷോഭം ആരംഭിച്ച് ഇന്നേയ്ക്ക് ഒരു മാസം തികയുന്നു.
പ്രക്ഷോഭ വേദികളില്‍ കര്‍ഷകരുടെ റിലേ നിരാഹാര സത്യാഗ്രഹം തുടരുകയാണ്. തിക്രിയില്‍ സ്ത്രീകള്‍ അടക്കമാണ് നിരാഹാരമിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള കര്‍ഷക റാലി ഹരിയാന-രാജസ്ഥാന്‍ അതിര്‍ത്തിയായ ഷാജഹാന്‍പുരിലെത്തി. കര്‍ഷകരുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. പ്രക്ഷോഭം നവംബര്‍ 26ന് ആരംഭിക്കുമ്പോള്‍ പ്രക്ഷോഭകരുടെ എണ്ണം 1000ത്തോളം ആയിരുന്നെങ്കില്‍ ഒരു മാസം പിന്നിടുമ്പോള്‍ ലക്ഷ കണക്കിന് കര്‍ഷകരാണ് രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുള്ളത്.
ആദ്യ ഘട്ടത്തില്‍ ഉദ്യോഗസ്ഥ തല ചര്‍ച്ചയ്ക്ക് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ തയാറായത്. പ്രക്ഷോഭം തീവ്രമായതോടെ മുതിര്‍ന്ന കേന്ദ്ര മന്ത്രിമാര്‍ തന്നെ സമവായത്തിനായി മുന്നിട്ടിറങ്ങി. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുന്നു. തുറന്ന മനസോടെ കേന്ദ്രം സമീപിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. അതേസമയം ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല വ്യക്തമാക്കി.

