ഗുജറാത്തിലെ മോര്‍ബിയില്‍ ശമ്പളം ചോദിച്ചതിന് ദളിത് യുവാവിനെ ക്രൂരപീഡനത്തിന് ഇരയാക്കിയ സ്ഥാപന ഉടമയായ യുവതിക്കെതിരെ കേസ്. ശമ്പളം ചോദിച്ചതിന് സ്ഥാപന ഉടമയായ യുവതി യുവാവിനെ നിര്‍ബന്ധിച്ച് വായകൊണ്ട് ചെരുപ്പ് എടുപ്പിക്കുകയും മാപ്പ് പറയിക്കുകയുമായിരുന്നു.
സ്ഥാപന ഉടമയായ റാണിബ എന്നറിയപ്പെടുന്ന വിഭൂതി പട്ടേലിനും ജോലിക്കാര്‍ക്കും എതിരെയാണ് സംഭവത്തില്‍ പൊലീസ് കേസ് എടുത്തിരിക്കുന്നത്. റാണിബ ഇന്‍ഡസ്ട്രീസ് എന്ന പേരില്‍ സ്വകാര്യ സ്ഥാപനം നടത്തിവരികയായിരുന്നു ഇവര്‍. പരാതിക്കാരനായ നീലേഷ് ഡല്‍സാനിയ ഒക്ടോബര്‍ 2നാണ് 12,000 രൂപ ശമ്പളത്തില്‍സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. എന്നാല്‍ ഒക്ടോബര്‍ 18ന് കാരണം അറിയിക്കാതെ ജോലിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
യുവാവ് 16 ദിവസത്തെ ശമ്പളം ആവശ്യപ്പെട്ടപ്പോള്‍ കമ്പനി ഉടമയായ യുവതി ഫോണെടുക്കാതെയായി. തുടര്‍ന്ന് നവംബര്‍ 24ന് നീലേഷും സഹോദരന്‍ മെഹുലും അയല്‍വാസിയും നേരിട്ട് ഓഫീസിലെത്തി ശമ്പളോ ചോദിക്കുകയായിരുന്നു. വിഭൂതിയും സ്ഥാപനത്തിന്റെ മാനേജരായ പരിക്ഷിത് പട്ടേലും ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുകയും തുടര്‍ന്ന് യുവാവിനെ വലിച്ച് ടെറസിലേക്ക് കൊണ്ടുപോകുകയും ചെയ്തു. തുടര്‍ന്ന് ബെല്‍റ്റുകൊണ്ട് മര്‍ദിക്കുകയായിരുന്നു. വിഭൂതി പട്ടേല്‍ നിര്‍ബന്ധിപ്പിച്ച് വായ്കൊണ്ട് ചെരിപ്പ് എടുപ്പിക്കുകയും മാപ്പ് പറയിക്കുകയും ചെയ്തു എന്നാണ് യുവാവിന്റെ പരാതിയില്‍ പറയുന്നത്.

