ശക്തി മില്‍സ് കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ വധശിക്ഷ റദ്ദാക്കി ബോംബെ ഹൈക്കോടതി. വിജയ് മോഹന്‍ ജാദവ്, മുഹമ്മദ് കാസിം ഷെയ്ഖ് ബംഗാളി, മുഹമ്മദ് സലീം അന്‍സാരി എന്നീ മൂന്ന് പ്രതികളുടെ വധശിക്ഷയാണ് റദ്ദാക്കിയത്. പ്രതികള്‍ക്ക് പരോള്‍ പോലും ലഭിക്കാതെ ജീവപര്യന്തം കഠിന തടവാക്കി ശിക്ഷ കുറയ്ക്കുകയാണ് ബോംബെ ഹൈക്കോടതി ചെയ്തത്. പൊതുവികാരത്തിന്റെ അടിസ്ഥാനത്തില്‍ വിധി പറയരുതെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഹൈക്കോടതി നടപടി.
2013ല്‍ മുംബൈയിലെ ശക്തിമില്ലില്‍ വെച്ച് ഫോട്ടോ ജേര്‍ണലിസ്റ്റിനെ ബലാത്സംഗം ചെയ്ത കേസിലാണ് നടപടി. ഇതേ വര്‍ഷം ജൂലൈയില്‍ മറ്റൊരു പെണ്‍കുട്ടിയെയും പ്രതികള്‍ ബലാത്സംഗം ചെയ്തിരുന്നു. രണ്ട് കേസും പരിഗണിച്ചാണ് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. എന്നാല്‍ വധശിക്ഷ അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമെ വിധിക്കാവൂ എന്ന് ഹൈക്കോടതി പറഞ്ഞു.
‘ശക്തിമില്‍സ് കൂട്ടബലാത്സംഗക്കേസ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യമാണ്. ബലാത്സംഗത്തിന് ഇരയായ വ്യക്തി ശാരീരികമായും മാനസികമായും ഏറെ പ്രയാസപ്പെടുന്നുണ്ട്. ഇത് മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണ്,’ കോടതി പറഞ്ഞു.
ാേഎന്നാല്‍ പൊതുജനാഭിപ്രായവും പ്രതിഷേധവും കണക്കിലെടുത്താകരുത് കോടതി വിധിയെന്നും വധശിക്ഷയെന്നാല്‍ അപൂര്‍വമായ ഒന്നാണെന്നും ഹൈക്കോടതി പറഞ്ഞു.
രണ്ട് കേസുകളിലും സമാന്തരമായാണ് വിചാരണ നടന്നത്. ഒരേ ദിവസം തന്നെ രണ്ട് കേസുകളിലും വിധി പുറപ്പെടുവിക്കുകയും ചെയ്തു. കുറ്റവാളികള്‍ രണ്ട് തവണ കുറ്റകൃത്യം ചെയ്തതിനാല്‍ ഇവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് അന്ന് വിചാരണ കോടതിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.