ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വയനാട്ടിൽ താരമായി മാറിയ അപരാജിത രാജ ഇത്തവണയും സജീവമാണ്. അമ്മ ആനി രാജയ്ക്ക് ഒപ്പം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ അപരാജിതയുമെത്തി. വൈറൽ പാട്ടുകളും മുദ്രാവാക്യങ്ങളും ഒക്കെയായി അപരാജിതയും പ്രചാരണത്തിന് ഉണ്ടാകും.ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് വൈറലായിരുന്നു അപരാജിതയുടെ പാട്ടും മുദ്രാവാക്യവും. സിപിഐ ക്യാമ്പുകൾക്ക് ആവേശം പകർന്ന് താളത്തിൽ ഈണത്തിൽ മുദ്രാവാക്യങ്ങൾ. ഇത്തവണ സത്യൻ മൊകേരിക്ക് കരുത്ത് പകരാനാണ് അമ്മയ്ക്കൊപ്പം അപരാജിതയുടെ വരവ്.പ്രിയങ്കയ്ക്ക് എതിരെ വേണ്ടത്ര പ്രചരണം ഇല്ലേ? വയനാട് ഗാന്ധി കുടുംബം കുടുംബ മണ്ഡലമാക്കുകയാണോ? തുടങ്ങിയ ചോദ്യങ്ങൾക്ക് അപരാജിതയുടെ മറുപടിയിങ്ങനെ- “എതിരെ നിൽക്കുന്ന സ്ഥാനാർത്ഥിയുടെ വലിപ്പം നോക്കിയിട്ടല്ല ഞങ്ങൾ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത്. ഞങ്ങളുടെ രാഷ്ട്രീയം മുറുകെ പിടിച്ചാണ് മുന്നോട്ടു പോകുന്നത്. ഞങ്ങളുടെ രാഷ്ട്രീയത്തെ മുൻനിർത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്”.ജെ എൻ യുവിലെ സമരവീര്യമാണ് പ്രചാരണ രംഗത്ത് അപരാജിതയ്ക്ക് പിൻബലം. സുഹൃത്തുക്കളോടൊപ്പമായിരുന്നു കഴിഞ്ഞ തവണ അപരാജിതയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ. ഇത്തവണയും സിപിഐ ക്യാമ്പിൽ കേൾക്കാം അപരാജിതയുടെ ജെ എൻ യു സ്റ്റൈൽ മുദ്രാവാക്യങ്ങൾ.