രാജസ്ഥാനിലെ ഭരത്പൂരിൽ ഭൂമി തർക്കത്തെത്തുടർന്ന് യുവാവിനെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി. ഭരത്പുർ സ്വദേശി നിരപത് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. അക്രമത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിഷയം പുറത്തറിയുന്നത്.
ബഹദൂർ സിങ്, അടാർ സിങ് ഗുർജർ എന്നിവരുടെ കുടുംബങ്ങൾ തമ്മിൽ ഏറെക്കാലമായി ഭൂമിതർക്കം ഉണ്ടായിരുന്നു. ബുധനാഴ്ച രാവിലെ ബഹദൂർ സിങിന്റെ കുടുംബം തർക്കസ്ഥലത്തെത്തി തൊട്ടുപിന്നാലെ അടാർ സിങിന്റെ കുടുംബവും പ്രദേശത്ത് എത്തിയതോടെ ഇരുകുടുംബങ്ങളും തമ്മിൽ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. വടിയും കല്ലുകളും ഉപയോഗിച്ച് ഇവർ പരസ്പരം ഏറ്റുമുട്ടുന്നതിനിടെ. വെടിയൊച്ച കേട്ടതായും ഗ്രാമവാസികൾ പറഞ്ഞു. ഇതിനിടെ അടാർ സിങിന്റെ മകൻ നിരപത് നിലത്ത് വീഴുകയും എതിർഭാഗത്തുള്ളവർ യുവാവിന്റെ ദേഹത്തുകൂടെ ട്രാക്ടർ കയറ്റിയിറക്കുകയായിരുന്നു. നിരപതിന്റെ ശരീരത്തിലൂടെ നിരവധി തവണ ട്രാക്ടർ കയറ്റിയിറക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സംഘർഷത്തിൽ പരിക്കേറ്റ പത്തോളം പേർ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

