മഹാരാഷ്ട്രയിലെ രേവ്ദണ്ഡയിൽ അവിവാഹിതരായ സഹോദരിമാർ കൊല്ലപ്പെട്ട സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ.
രേവ്ദണ്ഡ സ്വദേശിയും പാൽഘറിൽ വനംവകുപ്പ് ഉദ്യോഗസ്ഥനുമായ ഗണേഷ് മോഹിത്(36) നെയാണ് ഇരട്ടക്കൊലക്കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സഹോദരിമാരായ സ്‌നേഹ(30), സൊനാലി(34) എന്നിവരെ സൂപ്പിൽ വിഷംകലർത്തിയാണ് ഗണേഷ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. മരണം നടന്ന പിന്നാലെ ബന്ധുവാണ് കൊലപാതകം നടത്തിയതെന്ന് സ്ഥാപിക്കാനായിരുന്നു ഇയാളുടെ ശ്രമം. ക്രൈംബ്രാഞ്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സഹോദരിമാരുടെ ജീവനെടുത്തത് ഏകസഹോദരൻ തന്നെയാണെന്ന് വ്യക്തമായത്.
വിവാഹം കഴിക്കാൻ ആഗ്രഹമില്ലാതിരുന്ന സഹോദരിമാർക്കായി പണം ചെലവഴിക്കുന്നതിൽ പ്രതി ഏറെ അസ്വസ്ഥനായിരുന്നു. മാത്രമല്ല, പിതാവിന്റെ പേരിലുള്ള സ്വത്തിൽ സഹോദരിമാർ അവകാശം ഉന്നയിക്കുമോ എന്ന ആശങ്കയും ഇയാൾക്കുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രതികരണം.
ബോളിവുഡ് സിനിമയായ ‘ദൃശ്യം’ കൊലപാതകത്തിന് പ്രചോദനമായെന്നും പോലീസ് പറഞ്ഞു.
പാൽഘറിൽ ജോലിചെയ്യുന്ന പ്രതി ഒക്ടോബർ 15-നാണ് നവരാത്രി ആഘോഷങ്ങൾക്കായി കുടുംബത്തെ രേവദണ്ഡയിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോയത്. പാൽഘറിൽവെച്ച് കൊലപാതകം നടത്തിയാൽ തന്നെ സംശയിക്കുമെന്ന് കരുതി ബന്ധുക്കൾ താമസിക്കുന്ന രേവ്ദണ്ഡയിൽവെച്ച് പദ്ധതി നടപ്പിലാക്കാൻ ഇയാൾ തീരുമാനിക്കുകയായിരുന്നു . വീടിന് സമീപത്തുള്ള ബന്ധുവുമായി നേരത്തെ തർക്കം നിലനിൽക്കുന്നതിനാൽ ബന്ധുവാണ് കൃത്യം നടത്തിയതെന്ന് സ്ഥാപിക്കാൻ കഴിയുമെന്നും പ്രതി കരുതി.
രേവ്ദണ്ഡയിലെ വീട്ടിലെത്തിയ പ്രതി സഹോദരിമാർക്കായി സൂപ്പുണ്ടാക്കിയിരുന്നു. ഈ സൂപ്പിലാണ് എലിവിഷം കലർത്തിനൽകിയത്. സഹോദരിമാർക്ക് സൂപ്പ് നൽകിയതിന് പിന്നാലെ ഗർബ നൃത്തത്തിനായി പ്രതി വീട്ടിൽനിന്ന് പുറത്തുപോയി. അന്നേവരെ ഗർബ നൃത്തത്തിൽ പങ്കെടുക്കാത്ത ഗണേഷ് ഇത്തവണ നൃത്തംചെയ്യാനായി പോയതിൽ പോലീസിന് തുടക്കത്തിലേ സംശയമുണ്ടായിരുന്നു. മാത്രമല്ല, സുഖമില്ലെന്ന് പറഞ്ഞ് സഹോദരി വിളിച്ചപ്പോൾ വീട്ടിലെത്താൻ വൈകിയതും സംശയത്തിനിടയാക്കി.
ശാരീരികാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് സഹോദരി വിളിച്ചെങ്കിലും ഏറെ കഴിഞ്ഞ് വീട്ടിലെത്തിയ ഇയാൾ സൊനാലിയുമായി അലിഭാഗ് സിവിൽ ആശുപത്രിയിലേക്ക് പോയി. ഇവിടെ ചികിത്സയിലിക്കെ ഒക്ടോബർ 17-ന് സൊനാലി മരിച്ചു, ഇളയസഹോദരിയായ സ്‌നേഹയ്ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. സ്‌നേഹയെ എം.ജി.എം. ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ചികിത്സയിലിരിക്കെ ഒക്ടോബർ 20-ന് സ്‌നേഹയും മരിച്ചു.
വീട്ടിലെ വരാന്തയിൽവെച്ച കുടിവെള്ളത്തിൽ ബന്ധു വിഷം കലർത്തിയതാണെന്നും ഇതാണ് സഹോദരിമാരെ അപകടത്തിലാക്കിയതെന്നും ഇയാൾ അമ്മയോടും സഹോദരിയോടും പറഞ്ഞു. 20-ാം തീയതി വരെ ചികിത്സയിലായിരുന്ന സ്‌നേഹയോടും അമ്മയോടും ഇയാൾ ഇക്കാര്യം ആവർത്തിച്ചുപറഞ്ഞിരുന്നു. ബന്ധുവുമായി നേരത്തെ വസ്തുതർക്കമുണ്ടായതിനാൽ അമ്മയും മറ്റുള്ളവരും ഇത് വിശ്വസിച്ചു. ഇതോടെ ചികിത്സയിലായിരുന്ന സ്‌നേഹയും അമ്മയും ബന്ധുവിനെതിരേ പോലീസിന് മൊഴി നൽകി.
സംഭവത്തിന് പിന്നിൽ ബന്ധുവാണെന്ന് വരുത്തിതീർക്കാൻ കള്ളം പറയാൻ’ദൃശ്യം’ സിനിമയാണ് പ്രതിക്ക് പ്രചോദനമായതെന്നാണ് പോലീസ് പറയുന്നത്. ആദ്യഘട്ടത്തിൽ വീടിന് പുറത്തുണ്ടായിരുന്ന സിസിടിവി ക്യാമറകൾ അന്വേഷണസംഘം പരിശോധിച്ചിരുന്നു. ഈ ദൃശ്യങ്ങളിലൊന്നും ആരും കുടിവെള്ളത്തിൽ എന്തെങ്കിലും കലർത്തുന്നതായി കണ്ടില്ല. മാത്രമല്ല, ഇതേ വെള്ളം കുടിച്ച അമ്മയ്ക്ക് യാതൊരു ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായില്ല എന്നതും സംശയത്തിനിടയാക്കി. ഇതിനിടെ ഗണേഷിന്റെ മൊബൈൽഫോണും പോലീസ് പരിശോധിച്ചു. ഈ പരിശോധനയിൽ ഫോണിലെ സെർച്ച് ഹിസ്റ്ററിയിൽ വിഷം കണ്ടത് അന്വേഷണത്തിൽ വഴിത്തിരിവായി.
വിഷത്തെക്കുറിച്ചും അത് ഉപയോഗിക്കുന്നരീതികളെക്കുറിച്ചും ഗണേഷ് ഇന്റർനെറ്റിൽ തിരഞ്ഞതായി പോലീസ് കണ്ടെത്തി. ഈ ദിവസങ്ങളിൽ ആകെ 53 തവണയാണ് വിഷവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രതി ഇന്റർനെറ്റിൽ തിരഞ്ഞത്. ‘സ്വീറ്റ് പോയ്‌സൺ’, ‘മണം ഇല്ലാത്ത വിഷം’, ‘വിഷം കഴിച്ചാൽ എത്രദിവസം കൊണ്ട് മരിക്കും’ എന്നിങ്ങനെയായിരുന്നു ഇയാൾ ഇന്റർനെറ്റിൽ തിരഞ്ഞത്. മാത്രമല്ല, പ്രതിയുടെ കാറിൽനിന്ന് എലിവിഷത്തിന്റെ പാക്കറ്റുകളും പോലീസ് കണ്ടെത്തി.
വനംവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന പിതാവിന്റെ അപകടമരണത്തിന് പിന്നാലെ ആശ്രിതനിയമനത്തിലാണ് ഗണേഷിന് വനംവകുപ്പിൽ ജോലി ലഭിച്ചത്. എന്നാൽ സഹോദരിമാരിലൊരാൾക്ക് ആശ്രിതനിയമനം നൽകണമെന്നായിരുന്നു അമ്മയുടെ ആവശ്യം. ഒടുവിൽ അമ്മയുടെയും സഹോദരിമാരുടെയും എല്ലാകാര്യങ്ങളും താൻ നോക്കാമെന്ന് ഗണേഷ് ഉറപ്പുനൽകി. ഇതോടെയാണ് ആശ്രിതനിയമനം സംബന്ധിച്ച് കുടുംബത്തിലെ പ്രശ്നം അവസാനിച്ചതെന്നും പോലീസ് പറഞ്ഞു