ദീപാവലി ദിനത്തിൽ 15,76,000 വിളക്കുകള്‍ തെളിയിച്ച് റെക്കോർഡിട്ട് ഉത്തർപ്രദേശ് ടൂറിസം വകുപ്പ്.ദീപാവലി ദിനത്തിൽ 15,76,000എണ്ണ വിളക്കുകൾ തെളിയിച്ച ഉത്തർപ്രദേശ് ടൂറിസം വകുപ്പ് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ്. ഗിന്നസ് വേൾഡ് റെക്കോർഡ്സും തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ ഈ വിവരം പങ്കു വച്ചിട്ടുണ്ട്.ദീപാവലിയോടനുബന്ധിച്ച് അയോധ്യയില്‍ സംഘടിപ്പിച്ച ദീപോത്സവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കാളിയായിരുന്നു.അയോധ്യയിലെ റാം കി പൈഡി പുണ്യസ്ഥലത്ത് 1,576,955 ദീപങ്ങൾ തെളിയിച്ചാണ് ഉത്തർപ്രദേശ് ടൂറിസം വകുപ്പ് ഏറ്റവും കൂടുതൽ എണ്ണ വിളക്കുകൾ പ്രദർശിപ്പിച്ചതിന്റെ ഗിന്നസ് വേൾഡ് റെക്കോർഡ്സ് നേടി എടുത്തത്. കോട്ടൺ തിരിയുള്ള കളിമൺ വിളക്കുകൾ എണ്ണയൊഴിച്ചാണ് തെളിയിച്ചത്. ഞായറാഴ്ച രാത്രിയാണ് വിളക്കുകൾ തെളിയിച്ചത്. 2021-ൽ 941,551 വിളക്കുകൾ തെളിയിച്ച് സ്വന്തമാക്കിയ റെക്കോർഡ് ആണ് ഇത്തവണ 1,576,955 വിളക്കുകൾ തെളിയിച്ച് ഉത്തർപ്രദേശ് തിരുത്തിക്കുറിച്ചത്.ദീപാവലി ആഘോഷങ്ങൾക്ക് ശേഷം നടന്ന ചടങ്ങിൽ ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് നൽകി.