ഭോപ്പാലിൽ ചലച്ചിത്ര നിർമ്മാതാവ് പ്രകാശ് ഝാ സംവിധാനം ചെയ്യുന്ന ‘ആശ്രം’ വെബ് സീരീസിന്റെ
പേര് മാറ്റണമെന്നാവശ്യപ്പെട്ട് ചിത്രീകരണത്തിനിടെ തീവ്ര വലത് ഹിന്ദു സംഘടനയായ ബജ്‌റംഗ്ദള്‍ പ്രവർത്തകരുടെ ആക്രമണം. സംവിധായകന്റെ മുഖത്ത് മഷി എറിഞ്ഞ അക്രമികള്‍ സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങൾ നശിപ്പിച്ചു. സെറ്റിലുണ്ടായിരുന്ന അണിയറ പ്രവർത്തകരെ മർദിക്കുകയും ചെയ്തു. .
സീരീസിന്റെ മൂന്നാം സീസണിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ ഞായറാഴ്ച ഭോപ്പാലിലെ അരേര ഹിൽസിലെ ഓൾഡ് ജയിൽ പരിസരത്ത് വെച്ചായിരുന്നു ആക്രമണം. സ്ഥലത്തെത്തിയ പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഈ സമയം സീരീസിന്റെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ ബോബി ഡിയോളും സ്ഥലത്തുണ്ടായിരുന്നു. നടനെ കയ്യില്‍ കിട്ടുമെന്ന് ആക്രോശിച്ചായിരുന്നു ബജ്‌റംഗ്ദള്‍ പ്രവർത്തകർ ആക്രമം നടത്തിയത്.
മതത്തെ അപകീർത്തിപ്പെടുത്തുന്നതാണ് സീരിസിന്റെ പേര് എന്ന് ആരോപിച്ച ബജ്‌രംഗ് ദള്‍ പ്രവിശ്യാ കൺവീനർ സുശീൽ സീരിസിന്റെ പേര് മാറ്റിയില്ലെങ്കിൽ ചിത്രീകരണം തുടരാന്‍ അനുവദിക്കില്ലെന്നും റീലീസ് തടയുമെന്നും അറിയിച്ചു.
ദേശസ്‌നേഹത്തെക്കുറിച്ച് പ്രകീർത്തിക്കുന്ന സിനിമകളിൽ വേഷമിട്ട ബിജെപി എംപിയും സഹോദരനും കൂടിയായ സണ്ണി ഡിയോളിനെ കണ്ട് ബോബി ഡിയോള്‍ പഠിക്കണമെന്നും സുശീല്‍ വാർത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. അതേസമയം, സംഭവത്തെക്കുറിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും വാഹനം തകർത്ത സംഭവത്തില്‍ കർശന നടപടിയെടുക്കുമെന്നും ഭോപ്പാല്‍ പൊലീസ് വ്യക്തമാക്കി.

