ഇന്നലെ പാക്കിസ്ഥാനുമായി നടന്ന t -20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ തോറ്റതിന് പിന്നാലെ തങ്ങൾ ആക്രമിക്കപ്പെട്ടതായി കശ്മീരി വിദ്യാര്‍ത്ഥികള്‍. പഞ്ചാബ് സഗ്രൂരിലെ ഭായ് ഗുരുദാസ് എഞ്ചിനീയറിങ് കോളേജിലാണ് സംഭവം നടന്നത് . ഉത്തര്‍പ്രദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ആക്രമിച്ചതൊണ് ആരോപണം. സംഭവം അറിഞ്ഞയുടന്‍ ക്യാമ്പസില്‍ പൊലീസെത്തി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
”ഞങ്ങള്‍ ഇവിടെ ഇന്ത്യ-പാക് മത്സരം കാണുകയായിരുന്നു. യുപിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഞങ്ങളെ തടഞ്ഞു. ഞങ്ങള്‍ ഇവിടെ പഠിക്കാനാണ് വന്നത്. ഞങ്ങളും ഇന്ത്യക്കാരാണ്. ഞങ്ങളോട് ഇവര്‍ എന്താണ് ചെയ്തതെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. നമ്മള്‍ ഇന്ത്യക്കാരല്ലേ”?. മുറിയില്‍ കയറി ആക്രമിച്ചത് കാണിച്ച് കശ്മീരി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
നേരത്തെ കസേരകള്‍ തകര്‍ത്തതിന്റെയും ബെഡുകള്‍ കുത്തിക്കീറിയതിന്റെയും ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പങ്കുവെച്ചിരുന്നു. സോഷ്യല്‍മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചു. ചിലര്‍ ശാരീരികമായി ആക്രമിക്കുകയും ചെയ്‌തെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മറ്റൊരു ചിത്രത്തില്‍ വടികളുമായി നടക്കുന്ന ആള്‍ക്കാരെയും കാണാം.
ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ 10 വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 151 റണ്‍സെടുത്തപ്പോള്‍ 13 പന്ത് ബാക്കി നില്‍ക്കെ വിക്കറ്റ് നഷ്ടമില്ലാതെ പാകിസ്ഥാന്‍ ലക്ഷ്യത്തിലെത്തി. ലോകകപ്പില്‍ ആദ്യമായാണ് പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നത്.