സൗഹൃദ കൂട്ടായ്മകളും ക്ലബ്ബുകളും അന്യം നിന്നു പോകുന്ന ഈ കാലഘട്ടത്തില്‍ ഇപ്പോഴും പഴയ ചുറുചുറുക്കോടെ തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു ക്ലബ്ബുണ്ട് പുല്ലാളൂരില്‍…’വോളി കൂട്ടുകാര്‍’ എന്നാണ് പേര്….
പേരുപോലെ തന്നെ വോളിബോള്‍ എന്ന ഗെയിമിനെ നെഞ്ചിലേറ്റിയ ഒരുപറ്റം ആള്‍ക്കാര്‍ ഇതിലുണ്ട്. അതിലുപരിയായി ഈ കൂട്ടത്തെ ക്ലബ്ബാക്കി മാറ്റിയ ഒരു മനുഷ്യന് ഇവര്‍ക്ക് മറക്കാനാകില്ല. വോളിബോളിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചു കൊടുത്ത, ഒരുപാട് അറിവുകളും ഓര്‍മ്മകളും നിരവധി സമ്മാനിച്ച, വോളിബോളിനെ ഒരു പ്രാണനെ പോലെ സ്‌നേഹിച്ച് പിന്നീട് ആരോടും യാത്ര പറയാന്‍ നില്‍ക്കാതെ മണ്‍മറഞ്ഞുപോയ കുഞ്ഞഹമ്മദ്ക്ക….
രാവിലെ നേരത്തെ വന്ന് ഗ്രൗണ്ട് വൃത്തിയാക്കി എല്ലാ സജീകരണങ്ങളും തയ്യാറാക്കി കളിക്കാനായി കാത്തിരിക്കും. വൈകി ഉറക്കച്ചടവുമായി എത്തുന്ന ന്യൂജന്‍ പിള്ളേരെ ഗുണദോഷിക്കും. പുല്ലാളൂര്‍, എടക്കിലോട്ട്, മുട്ടാഞ്ചേരി പ്രദേശങ്ങളില്‍ വോളി കളിക്കാരില്‍ മിക്കവാറും കുഞ്ഞഹമ്മദ്ക്കായുടെ ശിഷ്യന്മാരായിരിക്കും. അദ്ദേഹം കോച്ചിംഗ് നല്‍കിയവരോടൊപ്പം അവസാനം വരെ കളിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
ഉള്‍വലിഞ്ഞു നില്‍ക്കുന്ന ഇന്നത്തെ വ്യക്തിത്വങ്ങള്‍ക്ക് പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ വോളിബോളിനെ പോലെയുള്ള കളികള്‍ ആവശ്യമാണ്. കുഞ്ഞഹമ്മദ്ക്കയെ പോലെയുള്ള വ്യക്തികളും അനിവാര്യമാണ്.
ഇന്നും ക്ലബ്ബിലെ അംഗങ്ങള്‍ ഗ്രൗണ്ടില്‍ വോളിബോള്‍ കളിക്കുന്നത് ഇവര്‍ക്കെല്ലാം ബാലപാഠം പകര്‍ന്ന നല്‍കിയ കുഞ്ഞഹമ്മദ്ക്ക മുകളില്‍ ഇരുന്നു കാണുന്നുണ്ട് എന്ന് പ്രത്യാശിക്കാം….