പെഗാസസ് കേസുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. പരിശോധിച്ച അഞ്ച് ഫോണുകളില്‍ മാല്‍വെയര്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ അത് പെഗാസസ് ആണെന്നതിന് തെളിവില്ലെന്ന് സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ 29 ഫോണുകളാണ് പരിശോധിച്ചത്.
കൂടാതെ, കേന്ദ്രസര്‍ക്കാര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും സമിതി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതി അംഗീകരിച്ചു. ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് സുപ്രീംകോടതി ഇന്ന് പരിശോധിച്ചത്. മുദ്ര വച്ച കവറിലാണ് റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണയെ കൂടാതെ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ് ലി എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് റിപ്പോര്‍ട്ട് പരിശോധിച്ചത്.
പെഗസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയോ, ചോര്‍ത്തിയെങ്കില്‍ ആരെല്ലാം ഇരകളായി, ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു, ആരെല്ലാമാണ് പെഗസസ് വാങ്ങിയത്, നിയമവിധേയമായാണോ പെഗസസ് ഉപയോഗിച്ചത് തുടങ്ങി 7 വിഷയങ്ങളാണ് സമിതി പരിശോധിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ചോര്‍ത്തപ്പെട്ട ചില ഫോണുകളുടെ സാങ്കേതിക പരിശോധനയും നടത്തിയിട്ടുണ്ട്. ഇതിന്റെ ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധനാഫലം അടക്കം സമിതി സുപ്രീംകോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം.
അതേസമയം, അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഫോണുകള്‍ പരിശോധിക്കാന്‍ നല്‍കിയ വ്യക്തികളുടെ സ്വകാര്യത ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി നിലപാടെടുത്തത്.