കാശ്മീരിലെ രജൗരി ജില്ലയില്‍ പിടിയിലായ പാക് ഭീകരന് മൂന്നു കുപ്പി രക്തം ദാനം ചെയ്ത് ഇന്ത്യൻ സൈനികർ. ഈ മാസം 21നായിരുന്നു ആക്രമണം.തബാറക് ഹുസൈൻ എന്ന 32 കാരനാണ് സൈന്യത്തിന്റെ പിടിയിലായത്. പിടികൂടുന്നതിനിടെ പരിക്കേറ്റ ഹുസൈനെ സൈനികർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. “തുടയിലും തോളിലും രണ്ട് വെടിയുണ്ടകളേറ്റതിനാൽ കടുത്ത രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു തബാറക് ഹുസൈൻ. ഞങ്ങളുടെ ടീമിലെ അംഗങ്ങൾ അയാൾക്ക് മൂന്ന് കുപ്പി രക്തം നൽകി, ശസ്ത്രക്രിയ നടത്തി ഐസിയുവിലേക്ക് മാറ്റി. ഓപ്പറേഷൻ സമയത്ത്, മറ്റേതൊരു രോഗിയെപ്പോലെ ഞങ്ങൾ അയാളെക്കുറിച്ച് ചിന്തിക്കുകയും അവനെ രക്ഷിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്തു’-ബ്രിഗേഡിയര്‍ രാജീവ് നായർ പറഞ്ഞു.
പാക് അധീന കശ്മീരിലെ കോട്ടിയിലെ സബ്‌സ്‌കോട്ട് ഗ്രാമത്തിലെ താമസക്കാരനാണ് ഹുസൈന്‍.താനും കൂട്ടാളികളും ഇന്ത്യന്‍ ആര്‍മി പോസ്റ്റ് ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ കേണല്‍ യൂനുസ് ചൗധരിയാണ് തനിക്ക് 30,000 രൂപ (പാകിസ്താന്‍ കറന്‍സി) നല്‍കിയതെന്നും പിടിയിലായ ഭീകരന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.