നടന്‍ വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. വിഴുപുരം സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. കൊവിഡ് വാക്സിന്‍ എടുത്ത് രണ്ട് ദിവസത്തിന് ശേഷമായിരുന്നു വിവേകിനെ ഹൃദയാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൊവിഡ് വാക്സിന്‍ എടുത്തത് മൂലമാണ് മരണമെന്ന പ്രചാരണവുമായി ചിലര്‍ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ ആശങ്കയ്ക്ക് കൃത്യമായൊരുത്തരം നല്‍കണമെന്ന് പരാതിയില്‍ പറയുന്നുണ്ട്.
2021 ഏപ്രില്‍ 20ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു നടന്‍ വിവേക് മരിച്ചത്. ഇതിന് പിന്നാലെ നടന്‍ മന്‍സൂര്‍ അലിഖാന്‍ അടക്കമുള്ളവര്‍ വിവേകിന്റെ മരണം സംബന്ധിച്ച ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ നിഷേധിച്ച് നടന്റെ കുടുംബം ഉള്‍പ്പടെ രംഗത്തെത്തുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് നടന്റെ മരണം കൊവിഡ് വാക്സിന്‍ എടുത്തത് മൂലമാണോ എന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മനുഷ്യാവകാശ കമ്മീഷന് ലഭിച്ചത്. ഹര്‍ജി സ്വീകരിച്ച മനുഷ്യാവകാശ കമ്മീഷന്‍, തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്.