പാമ്പിൻ വിഷത്തെയും കോവിഡിനെയും ഒരുപോലെ അതിജീവിച്ച് ജീവിതത്തിലേക്കു തിരിച്ചു വന്ന മകൾ ഒന്നര വയസ്സുകാരി ജോസ്ഫിൻ മരിയയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് പാണത്തൂർ വട്ടക്കയത്തെ ആനിമൂട്ടിൽ ജീവനും ഭാര്യ നിതയും
കോവിഡ് വ്യാപനത്തെ തുടർന്ന് ബിഹാറിലെ അധ്യാപന ജോലി നഷ്ടപ്പെട്ട ജീവനും ഭാര്യയും 12 വർഷത്തിന് ശേഷമാണ് വട്ടക്കയത്തെ വീട്ടിൽ എത്തുന്നത്. കഴിഞ്ഞ ജൂലൈ 16നാണ് വട്ടക്കയത്തെ വീട്ടിൽ ജീവന്റെ കുടുംബം എത്തുന്നത്. അന്നു മുതൽ കോവിഡ് നിരീക്ഷണത്തിലായിരുന്നു.
ജൂലൈ 21ന് രാത്രി 8.30നാണ് വീട്ടിൽ കളിക്കുന്നതിനിടെ ജോസ്ഫിനു പാമ്പ് കടിയേൽക്കുന്നത്. ബഹളം കേട്ട് തൊട്ടടുത്തു താമസിച്ചിരുന്ന ജിനിൽ മാത്യു വീട്ടിലേക്ക് ഓടിയെത്തി. കുട്ടിയേയും കൊണ്ട് കോവിഡിനെ ഭയക്കാതെ ആശുപത്രിയിലേക്ക് കുതിച്ചു കുട്ടിയുടെ ജീവൻ രക്ഷപെടുത്തി.
ഒരേ സമയം രണ്ടു പ്രതിസന്ധികളെ തരണം ചെയ്ത് കുഞ്ഞു മകനും ഒത്ത് ഓണം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ് കുടുംബം.