ഇംഫാൽ: മണിപ്പുർ കലാപത്തിനിടെ 2 വനിതകളെ നഗ്നരായി നടത്തുകയും സംഘം ചേർന്നു പീഡിപ്പിക്കുകയും ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റില്‍. തൗബങ്ങ് ജില്ലയിൽനിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഇതോടെ കേസിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ ഏഴു പേർ അറസ്റ്റിലായി.
മേയ് നാലിനാണ് മണിപ്പുരിലെ ബിപൈന്യം ഗ്രാമത്തിൽ ഗോത്രവർഗക്കാരായ സ്ത്രീകളെ നഗ്നരാക്കി നടത്തിയത്. ഒരാളെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിന്റെ 26 സെക്കൻഡ് നീളമുള്ള വിഡിയോ ഈ മാസം 19നാണ് പുറത്തുവന്നത്. വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞമാസം 21ന് കാംഗ്‌പോപി ജില്ലയിലെ സൈകുൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.
സ്ത്രീകളെ നഗ്നരാക്കി നടത്തിയതിനു തൊട്ടുമുൻപ് അക്രമത്തിൽനിന്നു സഹോദരിയെ സംരക്ഷിക്കാൻ ശ്രമിച്ച ഒരു പുരുഷനെ ആൾക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. പീഡനത്തിനിരയായ ഒരു യുവതി അസം റെജിമെന്റിലെ മുൻ സുബേദാറായിരുന്ന കാർഗിൽ സൈനികന്റെ ഭാര്യയാണ്. മെയ്തെയ് വിഭാഗത്തിനു പട്ടികവർഗപദവി നൽകാനുള്ള കോടതി ഉത്തരവിൽ പ്രതിഷേധിച്ചു മലയോര ജില്ലകളിൽ ആദിവാസി മാർച്ച് സംഘടിപ്പിച്ചതിനെത്തുടർന്നാണു മേയ് ആദ്യവാരം കലാപം പൊട്ടിപ്പുറപ്പെട്ടത്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഒറ്റപ്പെട്ട അക്രമങ്ങൾ തുടരുകയാണ്. തൗബങ്ങിൽ കഴിഞ്ഞദിവസം സുരക്ഷാ ഉദ്യോഗസ്ഥരും അക്രമികളും തമ്മിലുള്ള വെടിവയ്പ് മണിക്കൂറുകൾ നീണ്ടു. ഇംഫാലിൽ കേന്ദ്രമന്ത്രി ആർ.കെ.രഞ്ജൻ സിങ്ങിന്റെ വീട് വീണ്ടും ആക്രമിക്കപ്പെട്ടതായി അഭ്യൂഹമുണ്ടായി. മണിപ്പുർ സർവകലാശാലാ വിദ്യാർഥികൾ അദ്ദേഹത്തിന്റെ വീടിനു മുന്നിൽ തടിച്ചുകൂടിയെങ്കിലും ഇവരെ പിന്നീട് തിരിച്ചയച്ചു.