ഇലക്ട്രിക് വാഹന ഗവേഷണം: കോഴിക്കോട് എൻ.ഐ.ടിയും ടാറ്റ-എൽക്‌സിയും കൈകോർക്കുന്നു
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് (എൻഐടി-സി) ഇ-മൊബിലിറ്റിയിലും അനുബന്ധ സാങ്കേതികവിദ്യകളിലും സഹകരിച്ച് ഗവേഷണം നടത്തുന്നതിനായി ലോകത്തെ പ്രമുഖ ഡിസൈൻ, ടെക്‌നോളജി സേവന ദാതാക്കളായ ടാറ്റ-എൽക്‌സിയുമായി ധാരണാപത്രം ഒപ്പുവച്ചു.
വിവിധ തരത്തിലുള്ള സ്പോൺസർ ചെയ്ത ഗവേഷണ പ്രോജക്ടുകൾ, ഇന്റേൺഷിപ്പുകൾ, വ്യാവസായിക പരിശീലനം, അക്കാദമിക്, വ്യാവസായിക ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആർ & ഡി സൗകര്യങ്ങളും ഉപകരണങ്ങളും പങ്കിടൽ എന്നിവയിലൂടെ വ്യവസായ പ്രൊഫഷണലുകൾ, ഫാക്കൽറ്റി അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവരുടെ ആശയ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് ഈ ധാരണാപത്രം വിഭാവനം ചെയ്യുന്നു. ഈ ധാരണാപത്രത്തിന്റെ ഭാഗമായി, എൻഐടി കോഴിക്കോട് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഡോ.നിഖിൽ ശശിധരന്റെയും ഡോ.ശ്രീലക്ഷ്മി എം പി യുടെയും നേതൃത്വത്തിൽ ഗതാഗത വൈദ്യുതീകരണത്തിലും അനുബന്ധ എംബഡഡ് സോഫ്റ്റ്‌വെയറുകളിലും ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി ഇലക്ട്രിക് മൊബിലിറ്റിയിലെ ഒരു സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കുന്നുണ്ട്. സ്റ്റാർട്ടപ്പ് കമ്പനിയായ സി-ഇലക്‌ട്രിക്‌സുമായി ചേർന്ന് ഇലക്ട്രിക് വെഹിക്കിൾ മോട്ടോർ ഡിസൈനിലെ ഈ സെൻ്ററിൻ്റെ ആദ്യ പദ്ധതിയും ഇതേ വേദിയിൽ ഒപ്പുവച്ചു.
2022 മെയ് 24 ചൊവ്വാഴ്ച കോഴിക്കോട് എൻ.ഐ.ടി-യിൽ നടന്ന ചടങ്ങിൽ എൻ.ഐ.ടി.സി ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണയും ടാറ്റ-എൽക്‌സി വൈസ് പ്രസിഡന്റും ട്രാൻസ്‌പോർട്ടേഷൻ ബിസിനസ് യൂണിറ്റ് തലവനുമായ ശ്രീ. എസ്. ഷാജുവും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ചടങ്ങിൽ ശ്രീ. ഷിലൻ സഗുണൻ (ചെയർമാൻ, മിസോൺ), ശ്രീ. രവീന്ദ്രൻ കസ്തൂരി (യു.എൽ.സി.സി.എസ്. ലിമിറ്റഡിന്റെ സി.ഇ.ഒ), ശ്രീ. നിത്യാനന്ദ് കാമത്ത്, (മാനേജിംഗ് ഡയറക്ടർ, എയ്സ് ഗ്രൂപ്പ്, കോഴിക്കോട്), എം.എ. മെഹബൂബ് ( സെക്രട്ടറി, മലബാർ ചേംബർ ഓഫ് കൊമേഴ്സ്), കമാൻഡർ (ഡോ.) ഷാമസുന്ദരം എം.എസ്. (എൻഐടി കാലിക്കറ്റ് രജിസ്ട്രാർ), ഡോ. വി മധുസൂദനൻ പിള്ള, ഡീൻ (ആർ&സി), ഡോ. ജോസ് മാത്യു (ചെയർമാൻ, സി.ഐ.ഐ.ആർ, എൻഐടിസി), ഡോ. രവി വർമ്മ, (ചെയർമാൻ, സി.ഐ.ആർ.എഫ്.എൽ, എൻഐടിസി) തുടങ്ങിയവർ പങ്കെടുത്തു.

