മധ്യപ്രദേശില്‍ ഐപിഎല്ലില്‍ വാതുവെപ്പ് നടത്തി പോസ്റ്റ്മാസ്റ്റര്‍ നഷ്ടപ്പെടുത്തിയത് ഒരു കോടി രൂപ. വാതുവെപ്പിനായി 24 കുടുംബങ്ങളുടെ സേവിംഗ്‌സ് ഡെപ്പോസിറ്റാണ് പോസ്റ്റുമാസ്റ്റര്‍ ഉപയോഗിച്ചത്. സംഭവത്തില്‍ മദ്ധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ബിനാ പോസ്റ്റ് ഓഫീസിലെ സബ് പോസ്റ്റ് ഓഫീസ് പോസ്റ്റ്മാസ്റ്റര്‍ വിശാല്‍ അഹിര്‍വാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
പോസ്റ്റ് ഓഫീസ് സ്ഥിരനിക്ഷേപത്തിനായി ആളുകള്‍ നല്‍കിയ പണമാണ് പോസ്റ്റുമാസ്റ്റര്‍ തട്ടിയെടുത്തത്. വ്യാജ എഫ്ഡി അക്കൗണ്ടുകള്‍ക്കായി യഥാര്‍ത്ഥ പാസ്ബുക്കുകള്‍ നല്‍കുകയും കഴിഞ്ഞ രണ്ട് വര്‍ഷമായി ഐപിഎല്‍ ക്രിക്കറ്റ് വാതുവെപ്പില്‍ പണം മുഴുവന്‍ നിക്ഷേപിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
പണം പിന്‍വലിക്കാന്‍ നിക്ഷേപകര്‍ എത്തിയതോടെയാണ് പോസ്റ്റുമാസ്റ്ററുടെ തട്ടിപ്പ് പുറത്തായത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഐപിഎല്ലില്‍ വാതുവെപ്പിനായി രണ്ട് കോടിയിലധികം രൂപ ഇയാള്‍ ചെലവഴിച്ചതായി മൊഴി നല്‍കിയിട്ടുണ്ട്.