പുതുതായി രൂപീകരിച്ച കോനസീമ ജില്ലയുടെ പേര് ബി.ആര്‍ അംബേദ്കര്‍ കോനസീമ ജില്ല എന്ന് പുനര്‍നാമകരണം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ആന്ധ്ര പ്രദേശില്‍ സമരക്കാര്‍ ഗതാഗത മന്ത്രി വിശ്വരൂപിന്റേയും ഒരു എംഎല്‍എയുടേയും വീടിന് തീയിട്ടു. കോനസീമ പരിരക്ഷണ സമിതിയും, കോനസീമ സാധന സമിതിയുടേയും മറ്റ് സംഘടനകളുടേയും പ്രവര്‍ത്തകരാണ് വീടുകള്‍ക്ക് തീയിട്ടത്.
മന്ത്രിയെയും കുടുംബത്തെയും പോലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പോലീസ് വാഹനവും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബസും കത്തിച്ചു. കല്ലേറില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു.
പേരുമാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിനെതിരെ നൂറുകണക്കിന് പ്രതിഷേധക്കാര്‍ ആന്ധ്രാപ്രദേശിലെ അമലപുരം ടൗണില്‍ പോലീസ് നിയന്ത്രണങ്ങള്‍ വകവയ്ക്കാതെ ഒത്തുകൂടുകയായിരുന്നു.
വിവിധ ദളിത് വിഭാഗങ്ങളുടെ ആവശ്യത്തെ തുടര്‍ന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പേരുമാറ്റാന്‍ തീരുമാനമെടുത്തത്. എന്നാല്‍ നഗരത്തിന്റെ പേര് അതേപടി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്.
റാലിക്ക് മുന്നോടിയായി സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം ജില്ലാ പോലീസ് നിരോധന ഉത്തരവുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. സമരക്കാരെ പിരിച്ചുവിടാന്‍ പോലീസിന് ബലപ്രയോഗം നടത്തേണ്ടി വന്നു. ടൗണില്‍ ഇടയ്ക്കിടെ കല്ലേറുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷത്തില്‍ ഡിഎസ്പി മാധവറെഡ്ഡിക്കും എസ്പിയുടെ ഗണ്‍മാനും പരിക്കേറ്റു.
സംഭവത്തില്‍ 20 ഓളം പോലീസുകാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ അക്രമത്തെ അപലപിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രി തനേതി വനിത രംഗത്തെത്തി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജില്ലയുടെ പേര് മാറ്റണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും സമാധാനത്തിനായി അഭ്യര്‍ത്ഥിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.