കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കര്‍ണാടകയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. മാസ്‌ക് നിര്‍ബന്ധമാക്കി. പൊതുജനങ്ങൾ അനാവശ്യമായ കൂടിചേരലുകൾ ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണമെന്നും കർണാടക ആരോഗ്യ മന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു.രാജ്യത്ത് വീണ്ടും കോവിഡ് രോഗബാധ വര്‍ധിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനായി മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ രോഗബാധ ഉയരുന്നത് കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയായാണ് കർണാടകയിൽ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കിയത്. രോഗവ്യാപനം വര്‍ധിക്കുന്നത് കണക്കിലെടുത്ത് ഡല്‍ഹിയും തമിഴ്‌നാടും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2541 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 30 മരണവും റിപ്പോര്‍ട്ട് ചെയ്തു.