പുന്നോലിലെ സിപിഎം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നിജിൽ ദാസിനെ ഒളിവിൽ പാർപ്പിച്ചതിന് അറസ്റ്റിലായ രേഷ്മയ്ക്ക് എതിരെ നടപടി. അമൃത വിദ്യാലയത്തിൽ അധ്യാപികയായ രേഷ്മയെ സസ്പെൻഡ് ചെയ്തു. ഹരിദാസ് വധക്കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. വധക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണ് നിജില്‍ ദാസിന് രേഷ്മ ഒളിത്താവളം ഒരുക്കിയതെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിജില്‍ ദാസും രേഷ്മയും തമ്മില്‍ ഒരു വര്‍ഷത്തെ ബന്ധമുണ്ടെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. തലശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച രേഷ്മ ഇപ്പോള്‍ അണ്ടലൂരിലെ വീട്ടിലാണുള്ളത്. സംഭവത്തെ തുടർന്ന് രേഷ്മയുടെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു.
പുന്നോലിലെ സിപിഎം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നിജിൽ ദാസിനെ ഒളിവിൽ കഴിയാൻ സഹായിച്ച കുറ്റം ചുമത്തി പതിഞ്ചാം പ്രതിയാക്കിയാണ് അണ്ടല്ലൂർ സ്വദേശി പി രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. നിജിൽ ഇടയ്ക്ക് വീട്ടിൽ വരാറുണ്ടെന്ന് രേഷ്മ മൊഴി നൽകിയിട്ടുണ്ടെന്നും കൊലക്കേസിൽ രേഷ്മയുടെ പങ്ക് സംബന്ധിച്ച് ഇനിയും അന്വേഷണം വേണ്ടിവരുമെന്നും പൊലീസ് പറയുന്നു.