സിദ്ധീഖ് കാപ്പന്റെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പന്റെ ഭാര്യ റൈഹാന സിദ്ധീഖ്. സിദ്ധീഖ് കാപ്പന്റെ നില ഗുരുതരമാണെന്നും ആശുപത്രിയേക്കാൾ ഭേദം ജയിലാണന്നും റൈഹാന ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഇടപെടൽ ഉണ്ടായില്ല. മലയാളി എന്ന പരിഗണന പോലും ലഭിച്ചിട്ടില്ലെന്നും റൈഹാന വ്യക്തമാക്കി.
സിദ്ധീഖ് കാപ്പനെ ശൗചാലയത്തിൽ പോലും പോകാൻ അനുവദിക്കാതെ കെട്ടിയിട്ടിരിക്കുകയാണ്. നാലു ദിവസമായി കാപ്പൻ ഭക്ഷണം കഴിച്ചിട്ടില്ലന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.
സിദ്ദിഖ് കാപ്പന്റെ ദുരവസ്ഥയിൽ ഇടപെടണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത് അയച്ചിരുന്നു. കൊവിഡ് ബാധിതനായ സിദ്ദിഖ് കാപ്പനെ മൃഗത്തെ പോലെ ആശുപത്രിയിൽ പൂട്ടിയിട്ടിരിക്കുന്നുവെന്ന് പരാതി. സിദ്ദിഖ് കാപ്പന്റെ ഭാര്യയുടെ പരാതിയിൽ അഡ്വ വിൽസ് മാത്യൂസാണ് ചീഫ് ജസ്റ്റിസ് എൻ.വി രമണയ്ക്ക് കത്തയച്ചത്.