
കാര്‍ഷിക, ഉത്പാദന മേഖലക്കും വരുമാന വര്‍ധനവിനും ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്. 138, 39, 88,078രൂപ വരവും 127,12,36,765 രൂപ ചെലവും 11,27,51, 313രൂപ മിച്ചവുമുള്ള 2025- 26 വര്‍ഷത്തെ ബജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ പി ഗവാസ് അവതരിപ്പിച്ചു.തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, അതിദാരിദ്ര്യ നിര്‍മാര്‍ജനം, മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയ മാര്‍ഗം, പാലിയേറ്റീവ് പരിചരണത്തിന് ഏകീകൃത സ്വഭാവം ഉറപ്പാക്കല്‍, ഭിന്നശേഷിക്കാരുടെ ജീവിതം സുരക്ഷിതമാക്കല്‍, വനിതകളുടെയും കുട്ടികളുടെയും ക്ഷേമം, പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനം, ഭവനരഹിതരില്ലാത്ത കേരളം തുടങ്ങി വിവിധ മേഖലകള്‍ സ്പര്‍ശിച്ച ബജറ്റ് ഡിജിറ്റല്‍ സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് അവതരിപ്പിച്ചത്.
സമൂഹത്തില്‍ വ്യാപകമാകുന്ന രാസ ലഹരിയുടെ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലഹരിക്കെതിരെ ജനകീയ ക്യാമ്പയിന്‍ സംഘടിക്കുമെന്ന് ബജറ്റിലൂടെ പ്രഖ്യാപനമുണ്ടായി. ലഹരിക്കെതിരെ ജില്ലയിലെ 20 ലക്ഷം പേര്‍ അണിനിരക്കുന്ന ‘2 മില്യണ്‍ പ്രതിജ്ഞ’, ജൂണില്‍ സംഘടിപ്പിക്കും. മറ്റ് ബോധവല്‍ക്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും.ജനങ്ങളില്‍ വ്യായാമ ശീലം വളര്‍ത്തുന്നതിന് വാര്‍ഡ്തല പരിശീലന പദ്ധതി ആരംഭിക്കും. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപ വകയിരുത്തി. ജീവനക്കാര്‍ക്കായി സിവില്‍ ഡിസ്‌പെന്‍സറിക്ക് 50 ലക്ഷം രൂപ വകയിരുത്തിയ ബജറ്റില്‍ വനിതകള്‍ക്കായി വിശ്രമ മുറി സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമുണ്ട്. ജില്ലയിലെ സാന്ത്വന ചികിത്സാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനും ശാക്തീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ആവശ്യമായ പദ്ധതി രൂപീകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.ജില്ലാ പഞ്ചായത്തിന് 50 ലക്ഷം രൂപ ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഓഡിറ്റോറിയം നിര്‍മ്മിക്കും. എഴുത്തിനും വായനക്കും നാടകം ഉള്‍പ്പെടെയുള്ള കലാപരിപാടികളുടെ അവതരണത്തിനും സഹായകരമാവുന്ന സാംസ്‌കാരിക ഇടവും ആരംഭിക്കും.കുറ്റ്യാടി തേങ്ങയെ ഭൗമ സൂചിക പദവിയിലേക്ക് ഉയര്‍ത്തുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കും. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്. ജില്ലാ പഞ്ചായത്തിന്റെ ഫാമുകളിലെ ഉല്‍പ്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്താനും കൂടുതല്‍ ഉല്‍പാദനവും വില്‍പ്പനയും ലക്ഷ്യമിട്ടും ഈ വര്‍ഷം ഫാം ഫെസ്റ്റ് നടത്തും. സെയില്‍ കൗണ്ടറും ആരംഭിക്കും. ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. വന്യമൃഗ ശല്യം കുറക്കുന്നതിന്റെ ഭാഗമായി സോളാര്‍ ഫെന്‍സിംഗ് പദ്ധതി വ്യാപകമാക്കും. ഇതിനായി 33 ലക്ഷം രൂപ വകയിരുത്തി.ജില്ലയിലെ കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് ഒരു കോടി രൂപയും വ്യവസായം സ്വയം തൊഴില്‍ മേഖലയുടെ വളര്‍ച്ചയ്ക്ക് മൂന്ന് കോടി മുപ്പത്തി ഏഴര ലക്ഷം രൂപയും ലൈഫ് ഭവന പദ്ധതി വിഹിതമായി 13,27,80,000 രൂപയും വകയിരുത്തി.വരുമാന വര്‍ദ്ധനവിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗമായ കൂത്താളി, പേരാമ്പ്ര, തിക്കോടി, പുതുപ്പാടി, ചാത്തമംഗലം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് ഫാമുകളിലെ കാര്‍ഷിക ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്നും ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ബജറ്റ് പ്രഖ്യാപിച്ചു.
സ്‌കൂളുകളിലെ സോളാര്‍ പാനല്‍ പദ്ധതി വിപുലീകരിക്കും. കൂടുതല്‍ സ്‌കൂളുകളിലും ജില്ലാ പഞ്ചായത്ത് ഘടക സ്ഥാപനങ്ങളിലും സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് വരുമാനം കാണും. കെ എസ് ഇ ബി ക്ക് നേരത്തെ നല്‍കിയ രണ്ടരക്കോടി രൂപ ഇതിനായി ചിലവഴിക്കും. പൊതുഭരണം, ധനകാര്യം മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് 2,48,40,000 രൂപ ബജറ്റില്‍ വകയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ നിഷ പുത്തന്‍പുരയില്‍, വിപി ജമീല, പി സുരേന്ദ്രന്‍, കെ വി റീന എന്നിവര്‍ സംബന്ധിച്ചു.
ബജറ്റിലെ മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍
അഗ്രി ഇന്‍ക്യുബേഷന്‍ സെന്റര്‍ ഈ വര്‍ഷം പ്രാവര്‍ത്തികമാക്കും.കഴിഞ്ഞ വര്‍ഷം ബജറ്റില്‍ പ്രഖ്യാപിച്ച ഐ ടി ഇന്‍ക്യുബേഷന്‍ സെന്റര്‍ മിനി ഐടി പാര്‍ക്കായി ബാലുശ്ശേരി ബ്ലോക്കിലെ കൂരാച്ചുണ്ടില്‍ യാഥാര്‍ത്ഥ്യമാക്കും.തിരുവമ്പാടി തേവര്‍മലയില്‍ വ്യൂ പോയിന്റ് വാച്ച് ടവര്‍ നിര്‍മ്മാണത്തിന് 10 ലക്ഷം രൂപ.ശുചിത്വ മേഖലയില്‍ മൂന്ന് കോടി 61 ലക്ഷം രൂപ എഫ് എസ് ടി പി ക്ക് മാറ്റിവയ്ക്കുന്നു.പുതുപ്പാടി ചിപ്പിലത്തോട് മരുതിലാവ് പാലത്തിന് 50 ലക്ഷം രൂപയും കാവിലും പാറ കാരിമുണ്ട പാലത്തിന് 40 ലക്ഷം രൂപയും ഉള്‍പ്പെടെ വിവിധ പാലങ്ങളുടെ നിര്‍മ്മാണത്തിന് തുക മാറ്റിവെച്ചു.ജാനകിക്കാട് വനപ്രദേശത്ത് ജില്ലാ ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ സഹായത്തോടെ ബന്ധപ്പെട്ട വകുപ്പുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് വിപുലമായ ശാസ്ത്രീയ പഠനം.ചുരം സൗന്ദര്യവല്‍ക്കരണത്തിനായി 30 ലക്ഷം രൂപ