
മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ‘ഗോത്രഭേരി’ എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ആദിവാസി ഉന്നതികളില്‍ താമസിക്കുന്നവരുടെ അറിവും അനുഭവസമ്പത്തും പങ്കുവയ്ക്കുകയായിരുന്നു ലക്ഷ്യം.വെള്ളാപ്പാറ ഫോറെസ്റ്റ് നേച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ നടന്ന പരിപാടി കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ ഉദ്ഘാടനം ചെയ്തു. വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പരമ്പരാഗതരീതികള്‍ പ്രയോഗിക്കുന്നതില്‍നിന്ന് പിന്നാക്കം പോയതാണ് മനുഷ്യ – വന്യ ജീവി സംഘര്‍ഷങ്ങളുടെ എണ്ണം കൂടാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഉള്‍വനത്തില്‍ വന്യമൃഗങ്ങള്‍ക്കാവശ്യമായ ആഹാരപദാര്‍ഥങ്ങള്‍ ലഭ്യമാണ്. എന്നാല്‍ പുതിയ ആഹാരരീതികള്‍ മനസിലാക്കിയ വന്യമൃഗങ്ങള്‍ വീണ്ടും മനുഷ്യവാസ മേഖലയിലെത്തുന്നു. ഇതാണ് പ്രശ്‌നങ്ങളുടെ കാരണം.വന്യജീവി സംഘര്‍ഷം ലഘുകരിക്കുന്നത്തിന് വനം വകുപ്പ് നടപ്പാക്കുന്ന 10 മിഷനുകളില്‍ ഒന്നായ മിഷന്‍ ട്രൈബല്‍ നോളജിന്റെ ഭാഗമായാണ് ‘ഗോത്രഭേരി’എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. കോട്ടയം , ഇടുക്കി വന്യജീവി ഡിവിഷനുകളിലെ ജനങ്ങളെ പങ്കെടുപ്പിച്ച് വനം ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്, ട്രൈബല്‍ വകുപ്പ് എന്നിവരുടെ സംയുക്തആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.ഇടുക്കി വന്യജീവി സാങ്കേതത്തിലെ വന്മാവ്, കൊല്ലത്തിക്കാവ്, കിഴുകാനം,കണ്ണമ്പടി, മുല്ല, കത്തിതേപ്പന്‍ പുന്നപാറ, വാക്കത്തി, തേക്ക്‌തോട്ടം, മുല്ലള്ള്, ഭീമന്‍ച്ചുവട്, മേമാരി എന്നീ ഊരുകളില്‍ നിന്നും നഗരംപാറ റെയിഞ്ചിലെ മണിയാറന്‍കുടി, പെരുങ്കാല, വട്ടമേട്, കപ്പക്കാനാനം, ചക്കിമാലി – മുല്ലക്കാനം, കൊലുമ്പന്‍ കോളനി, അയ്യപ്പന്‍കോവില്‍ റെയിഞ്ചിലെ അഞ്ചുരുളി, കോവില്‍മല, പാമ്പാടിക്കുഴി, മുരിക്കാട്ടുകുടി എന്നീ ആദിവാസി ഉന്നതികളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.മിഷന്‍ ട്രൈബല്‍ നോളജ് സംസ്ഥാന കോ-ഓഡിനേറ്റര്‍ രാജു കെ. ഫ്രാന്‍സിസ് , പീച്ചി കേരള വന ഗവേഷണ കേന്ദ്രം സീനിയര്‍ സയന്റിസ്റ്റ് , ഡോ. എ. വി. രഘു ,ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി. ജയചന്ദ്രന്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഇടുക്കി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി. കെ. വിപിന്‍ ദാസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ റോയി, ആനിയമ്മ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.