
കൊയിലാണ്ടി നഗരസഭയ്ക്കും കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനും ഹരിത കേരള മിഷന്റെ ആദരവ്. മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തിയതിനാണ് നഗരസഭയ്ക്ക് അനുമോദനം ഓഫീസുകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയതിനാണ് മിനി സിവിൽ സ്റ്റേഷൻ ആദരം ഏറ്റുവാങ്ങിയത്.ഹരിത കേരളം മിഷൻ ജലദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിസ്ഥിതി സംഗമത്തിൽ നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി കെ സതീഷ് കുമാറും സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ റിഷാദും തഹസിൽദാർ ജയശ്രീ എസ് വാര്യരും ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പൊതുസ്ഥലങ്ങൾ ഹരിതാഭമാക്കി പാർക്കുകളും സ്നേഹാരാമങ്ങളും നിർമ്മിച്ചതിനാണ് കൊയിലാണ്ടി നഗരസഭയ്ക്ക് അംഗീകാരം ലഭിച്ചത്.ഓഫീസിലെ ജൈവ മാലിന്യങ്ങൾ കൃത്യമായി ശാസ്ത്രീയമായി സംസ്കരിച്ചു. അജൈവമാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറി. ഓഫീസും പരിസരവും ചെടികൾ നട്ടുപിടിപ്പിച്ച് ഭംഗി വരുത്തിയതിനും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് ഓഫീസ് പ്രവർത്തിച്ചതിനുമാണ് സിവിൽ സ്റ്റേഷന് ആദരവ് ലഭിച്ചത്.മാലിന്യ കൂമ്പാരമായി കിടന്ന സ്ഥലങ്ങളെ വൃത്തിയാക്കി മനോഹരങ്ങളായ അഞ്ച് പാർക്കുകളാണ് കൊയിലാണ്ടി നഗരസഭ ഒരു വർഷത്തിനുള്ളിൽ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പണി കഴിപ്പിച്ചത്. നഗരസഭയുടെയോ സർക്കാരിന്റെയോ ഫണ്ടുകളില്ലാതെയാണ് അഞ്ച് പാർക്കുകളും അഭ്യുദയാകാംക്ഷികളുടെ സഹകരണത്തോടെ പണികഴിപ്പിച്ചത്.പഴയ ബസ്റ്റാൻഡിന് മുൻവശത്തായി ഹൈവേയോട് ചേർന്ന “ഹാപ്പിനസ് പാർക്ക് “, കൊടുക്കാട്ടുമുറി പുഴയോരത്ത് നിർമ്മിച്ച “ജൈവവൈവിധ്യ പാർക്ക്, “സിവിൽ സ്റ്റേഷന് സമീപത്ത് നിർമ്മിച്ച “സ്നേഹാരാമം”, ബസ്റ്റാൻഡ് പരിസരത്ത് യുഎ ഖാദറിൻ്റെ പേരിലുള്ള “യു എ സാംസ്കാരിക പാർക്ക്”,
ബസ് സ്റ്റാൻഡിന്റെ തെക്കുഭാഗത്തായി നിർമ്മിച്ച “സായാഹ്ന പാർക്ക് ” എന്നിവയാണ് നഗരത്തിലെ പാർക്കുകൾ.എല്ലാ പാർക്കുകളിലും ചെടികൾ നട്ട് മനോഹരമാക്കി. വൈദ്യുത വിളക്കുകളാൽ ദീപാലങ്കൃതമാക്കുകയും ഇരിപ്പിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുകയും ചെയ്തു. നിരവധി പേരാണ് ഒഴിവ് സമയം ചെലവഴിക്കുന്നതിനായി പാർക്കുകളിൽ എത്തുന്നത്.നഗരസഭയുടെ ശുചിത്വ മാലിന്യ പരിപാലന പ്രവർത്തനങ്ങളിൽ പങ്കാളികളായ മുഴുവൻ പേർക്കും ഉപഹാരം സമർപ്പിക്കുന്നതായി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ടും വൈസ് ചെയർമാൻ അഡ്വ. കെ സത്യനും പറഞ്ഞു.