യുപിയിലെ മദ്രസ്സകളില്‍ ദേശീയ ഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കി സംസ്ഥാന മദ്രസ്സബോര്‍ഡ്. 2017 മുതല്‍ സ്വാതന്ത്ര്യദിനത്തില്‍ ദേശീയഗാനം ആലപിക്കുന്നതും ദേശീയപതാക ഉയര്‍ത്തുന്നതും യുപിയിലെ മദ്രസകളില്‍ നിര്‍ബന്ധമാക്കിയിരുന്നു. തുടര്‍ന്ന് അഞ്ചുവര്‍ഷത്തിന് ശേഷമാണ് എല്ലാദിവസവും ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് പ്രാർത്ഥനക്ക് ഒപ്പം ദേശീയഗാനം ആലാപിക്കണമെന്ന് നിര്‍ബന്ധമാക്കുന്നത്.
. മദ്രസകളിലെ പരീക്ഷകള്‍, അധ്യാപകരുടെ ഹാജര്‍, മദ്രസ്സകളിലെ അധ്യാപക നിയമനത്തിന് യോഗ്യത പരീക്ഷ നിര്‍ബന്ധമാക്കുക തുടങ്ങി വലിയ മാറ്റം വരുത്തുന്ന തീരുമാനങ്ങൾ ബോർഡ് എടുത്തിട്ടുണ്ട് . യുപി മദ്രസ്സ ബോര്‍ഡ് അധ്യക്ഷന്‍ ഇഫ്റ്റഖര്‍ അഹമ്മദ് ജാവേദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനങ്ങളെടുത്തത്.
മദ്രസ്സകളിലെ അധ്യാപക നിയമനത്തില്‍ സ്ഥാപിത താല്‍പ്പര്യങ്ങള്‍ നടപ്പാക്കുന്നത് തടയാന്‍ കൂടിയാണ് യോഗ്യതാപരീക്ഷ നിര്‍ബന്ധമാക്കുന്നതെന്ന് ബോര്‍ഡ് ചൂണ്ടിക്കാട്ടി. അതേസമയം അധ്യാപക നിയമനത്തിലെ അവസാന തീരുമാനം കൈക്കൊള്ളുക മാനേജ്മെന്റുകളായിരിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ ബോര്‍ഡ് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ബോര്‍ഡ് അധ്യക്ഷന്‍ അഹമ്മദ് ജാവേദ് അറിയിച്ചു.
ദേശീയഗാനം എല്ലാ സ്‌ക്കൂളുകളിലും ആലപിക്കുന്നുണ്ട്. മദ്രസ്സ വിദ്യാര്‍ഥികളിലും രാജ്യസ്നേഹം വളര്‍ത്തിയെടുക്കണം. രാജ്യത്തിന്റെ ചരിത്രവും സംസ്‌ക്കാരവും അവരും അറിയണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ബോര്‍ഡ് അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു. അധ്യാപകര്‍ക്കും മറ്റ് അനധ്യാപക ജീവനകാര്‍ക്കും ബയോമെട്രിക് ഹാജര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും മദ്രസ്സ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്