ലൂസിഫറിന്റെ രണ്ടാം ഭാഗത്തില്‍ താനുമുണ്ടാകുമെന്ന് നടന്‍ ബൈജു സന്തോഷ്.എമ്പുരാൻ ഗംഭീര സിനിമയായിരിക്കുമെന്നും ഒരുപാട് രാജ്യങ്ങളിൽ ഷൂട്ടിങ് ഉണ്ടെന്നും ബൈജു പറഞ്ഞു. ബൂമറാങ് സിനിമയുടെ പ്രമോഷൻ പരിപാടിയിൽ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് ബൈജു ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. നാല് ദിവസം മുന്‍പ് പൃഥ്വിരാജ് എന്നെ വിളിച്ചിരുന്നു. ലൊക്കേഷന്‍ കാണാനായി ഗുജറാത്തില്‍ പോയിരിക്കുകയാണെന്ന് പറഞ്ഞു. ഒരുപാട് രാജ്യങ്ങളില്‍ ഷൂട്ടിങ് ഉണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. ബാക്കി കഥയൊക്കെ പിന്നെ പറയാമെന്ന് അറിയിച്ചു,- ബൈജു പറഞ്ഞു.ലാലേട്ടന്റെ കൂടെയായിരിക്കുമല്ലേ എന്ന ചോദ്യത്തിന് ആയിരിക്കുമല്ലോ, അല്ലാതെ മമ്മൂട്ടി ആ ചിത്രത്തിലില്ലല്ലോ എന്ന് ബൈജു മറുപടി പറഞ്ഞു. ഇനി മമ്മൂക്ക ഉണ്ടോയെന്ന് അറിയില്ലെന്നും, മലയാള സിനിമയില്‍ എന്തുവേണമെങ്കിലും സംഭവിക്കാമെന്നും ബൈജു വ്യക്തമാക്കി. ചിലപ്പോള്‍ ഗെസ്റ്റ് അപ്പിയറന്‍സ് ആയി വന്നാലോ എന്നും ബൈജു ചോദിച്ചു.