റായ്‌പൂരിൽ നടക്കുന്നമൂന്ന് ദിന പ്ലീനറി സമ്മേളനത്തിൽ അംഗങ്ങൾക്ക് പുതിയ മാർഗ നിർദേശങ്ങളുമായി കോൺഗ്രസ് പാർട്ടി. ലഹരി ഉപയോഗം പാടില്ല, പാർട്ടിക്കെതിരെ പരസ്യ വിമർശനം ഉന്നയിക്കാൻ പാടില്ല തുടങ്ങിയ കാര്യങ്ങളാണ് പാർട്ടിയുടെ ഭരണഘടനയിൽ പുതുതായി ചേർത്തത്. ഇത് കൂടാതെ അംഗങ്ങൾ സന്നദ്ധ പ്രവര്‍ത്തനങ്ങളിലും കമ്മ്യൂണിറ്റി സേവനങ്ങളിലും സജീവമാകണമെന്നും ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും ആവശ്യപ്പെട്ടു.
ലഹരി വസ്തുക്കള്‍ ഉപയോഗിക്കരുത്, ദരിദ്രരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക, മതേതരത്വം, സോഷ്യലിസം, സാമൂഹിക നീതി, ജനാധിപത്യം എന്നിവ സംരക്ഷിക്കുന്നതായി പ്രവര്‍ത്തിക്കുക, പാര്‍ട്ടിയുടെ അംഗീകൃത നയങ്ങളെയും പരിപാടികളെയും പ്രത്യക്ഷമായോ പരോക്ഷമായോ പരസ്യമായോ അല്ലാതെയോ, ഉള്‍പാര്‍ട്ടി ഫോറത്തിലൂടെയല്ലാതെ പൊതുവേദികളില്‍ വിമര്‍ശിക്കരുത് എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.
ഛത്തീസ്ഗഡിലെ റായ്പൂരില്‍ വെളിയാഴ്ചയാണ് 85 മത് പ്ലീനറി സമ്മേളനത്തിന് തുടക്കമായത്. 15,00 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പാര്‍ട്ടി സ്വീകരിക്കേണ്ട കാര്യങ്ങള്‍ പ്ലീനറിയില്‍ ചര്‍ച്ചയാവും കൂടാതെ പാര്‍ട്ടി പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലായെന്ന തീരുമാനം പ്ലീനറിയില്‍ എടുത്തു. അതിനാല്‍ അംഗങ്ങളെ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെ നിര്‍ദേശിക്കും.
നാളെ നടക്കുന്ന പൊതു സമ്മേളനത്തോടെ മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന പ്ലീനറി സമ്മേളനം അവസാനിക്കും.