ദാവൂദ് ഇബ്രാഹിമുമായുള്ള കള്ളപ്പണ ഇടപാട് കേസിൽ ഇഡി അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ നവാബ് മാലികിനെ ചില ആരോഗ്യ പ്രശ്നങ്ങളാൽ മുംബെെയിലെ ജെ ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഓഫീസ് അറിയിച്ചു.
കസ്റ്റഡി സമയത്ത്, മാലിക് ചില ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിരുന്നെന്നും തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും റിപ്പോർട്ടുണ്ട്. നവാബ് മാലിക്കിനെ മാർച്ച് 3 വരെ റിമാൻഡിൽ വിട്ടിരിക്കുകയാണ്.
1993 ലെ സ്ഫോടന പരമ്പര കേസ് പ്രതിയുമായി നവാബ് മാലിക് ഭൂമി ഇടപാട് നടത്തിയെന്നാരോപിച്ചായിരുന്നു ഇഡി നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ മാലിക് സഹകരിച്ചില്ലെന്നാണ് വൃത്തങ്ങൾ നൽകുന്ന വിവരം. താൻ ഭയപ്പെടുന്നില്ലെന്നും പോരാടി വിജയിക്കുമെന്നും അറസ്റ്റിന് ശേഷം മാലിക് പറഞ്ഞിരുന്നു.