യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രക്ഷാദൗത്യവുമായി എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ നാളെ പുലര്‍ച്ചെ രണ്ട് മണിക്ക് രക്ഷാ ദൗത്യത്തിനായി പുറപ്പെടും. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി യുക്രൈനിലെ ഇന്ത്യന്‍ അംബാസഡര്‍ നേരത്തേ അറിയിച്ചിരുന്നു. ഒഴിപ്പിക്കലിന് നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ സംഘം റൊമേനിയന്‍ അതിര്‍ത്തിയില്‍ എത്തിയിട്ടുണ്ട്. ഇവിടെയെത്താന്‍ യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് 12 മണിക്കൂര്‍ റോഡ് മാര്‍ഗം സഞ്ചരിക്കേണ്ടതുണ്ട്. ഇവിടെ ക്യാമ്പ് തുറക്കാനാണ് ഇന്ത്യന്‍ തീരുമാനം. ഇതിനായി റൊമേനിയന്‍ സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. റൊമേനിയയുടെ തലസ്ഥാനമായ ബുക്കറസ്റ്റില്‍ നിന്നാകും വിമാനങ്ങള്‍ രക്ഷാ ദൗത്യം നടത്തുക. ചില ഇന്ത്യക്കാര്‍ ഇതിനോടകം കീവിലെ ഇന്ത്യന്‍ എംബസിയില്‍ അഭം തേടിയിട്ടുണ്ട്. മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി ഇന്ത്യക്കാരാണ് യുക്രൈനില്‍ കുടുങ്ങി കിടക്കുന്നത്. റഷ്യന്‍ സേന യുക്രൈന്‍ തലസ്ഥാനമായ കീവിന് 20 കിലോമീറ്റര്‍ അകലെ വരെ എത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. പുലര്‍ച്ചെ നാല് മണി മുതല്‍ യുക്രൈന്റെ സൈനിക കേന്ദ്രങ്ങളിലും ജനവാസ മേഖലകളിലും ആക്രമണം നടന്നതായി യുക്രൈന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജനവാസ മേഖലകള്‍ ആക്രമിക്കില്ലെന്ന വാക്ക് റഷ്യ തെറ്റിച്ചെന്നും വ്‌ളാഡിമര്‍ സെലന്‍സ്‌കി പറഞ്ഞു.