നാറ്റോക്ക് പിന്നാലെ, റഷ്യക്കെതിരെ സൈനിക നീക്കത്തിനില്ലെന്ന് അമേരിക്കയും പ്രഖ്യാപിച്ചതോടെ റഷ്യന്‍ സൈന്യത്തെ ഒറ്റക്ക് നേരിടേണ്ട അവസ്ഥയിലാണ് യുക്രൈന്‍. അംഗരാജ്യമല്ലാത്ത യുക്രൈന് വേണ്ടി റഷ്യക്കെതിരെ സംയുക്ത സൈനിക നീക്കം ആവശ്യമില്ലെന്നാണ് നാറ്റോയുടെ നിലപാട്. സമാന നിലപാട് തന്നെയാണ് അമേരിക്കക്കും . നാറ്റോയുടെ അംഗരാജ്യങ്ങളില്‍ പലരും സ്വന്തം നിലയ്ക്ക് യുക്രൈന് സൈനിക സഹായം നല്‍കുമെങ്കിലും നാറ്റോ സംഘടന എന്ന നിലയില്‍ സഹായം ഉടനൊന്നും നല്‍കിയേക്കില്ല. കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി റഷ്യയെ വരുതിയിലാക്കാമെന്നാണ് അമേരിക്കയും നാറ്റോയും പ്രതീക്ഷിക്കുന്നത്.റഷ്യക്കെതിരെ സംയുക്തസൈനികനീക്കം നടത്തുമെന്ന് നാറ്റോയും അമേരിക്കയും പ്രഖ്യാപിച്ചിരുന്നെങ്കില്‍ അത് മറ്റൊരു ലോകയുദ്ധത്തിന് കാരണമാകുമെന്ന് വിദേശകാര്യവിദഗ്ധര്‍ നിരീക്ഷിക്കുന്നു.
കടുത്ത സാമ്പത്തിക ഉപരോധമാണ് യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ചുമത്തുന്നത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളും അമേരിക്കയും റഷ്യക്ക് സാമ്പത്തികമടക്കം കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി.
റഷ്യ ആക്രമിച്ചാല്‍ നാറ്റോയും അമേരിക്കയും രക്ഷക്കെത്തുമെന്നായിരുന്നു യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലെന്‍സ്‌കിയുടെ പ്രതീക്ഷ. എന്നാല്‍, നാറ്റോയും അമേരിക്കയും സൈനികമായി കൈവിട്ടതോടെ പ്രസിഡന്റും ഒറ്റപ്പെട്ടു.
അതേസമയം, മറ്റെല്ലാ തരത്തിലുമുള്ള പിന്തുണ നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. റോമിലെ കൊളോസിയത്തില്‍ യുക്രൈന്‍ പതാകയുടെ നിറങ്ങളില്‍ അലങ്കാര ദീപങ്ങള്‍ തെളിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ബ്രസല്‍സിലെ യൂറോപ്യന്‍ കമ്മീഷന്‍ കെട്ടിടത്തിലും യുക്രൈന്‍ പതാകയുടെ നിറങ്ങളില്‍ ദീപാലങ്കാരമൊരുക്കി. റഷ്യക്കെതിരെ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ധാരണയിലെത്തിയ
യോഗം നടന്നതിന് മുന്നോടിയായാണ് യുക്രൈന് ഐക്യദാര്‍ഢ്യവുമായി ദീപങ്ങളൊരുക്കിയത്. യോഗത്തിനെത്തിയ ചില രാഷ്ട്ര നേതാക്കളും ഐക്യദാര്‍ഢ്യം സൂചിപ്പിച്ച് മഞ്ഞയും നീലയും നിറമുള്ള വസ്ത്രങ്ങളണിഞ്ഞു.

